Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Tuesday, 19 July 2011

ഫെയ്‌സ്ബുക്ക്: പാട്ടും കഥയും മറന്നവരുടെ ചില്ല

ഒരിക്കല്‍ ഒരിടത്ത് ഒരു വീട്ടമ്മയ്ക്ക് ഒരു പാട്ടും കഥയും അറിയാമായിരുന്നു. അവള്‍ ആരോടും അതേക്കുറിച്ച് പറഞ്ഞില്ല. ആരെയും അത് കേള്‍പ്പിച്ചുമില്ല. അവളുടെയുള്ളില്‍ക്കിടന്നു ശ്വാസംമുട്ടിയ കഥയും കവിതയും അവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. ഒരു ദിവസം അവള്‍ വാതുറന്നു കിടന്നുറങ്ങിയ തക്കത്തിനു കഥ വായിലൂടെ പുറത്തേക്കിറങ്ങി. ഒരു ഷൂവിന്റെ രൂപത്തില്‍ പുറത്തു പടിക്കല്‍ കിടന്നു. പാട്ടാകട്ടെ വല്ല വിധത്തിലും പുറത്തുകടന്ന് ഒരു കോട്ടിന്റെ രൂപത്തില്‍ ഭിത്തിയിലെ കൊളുത്തില്‍ തൂങ്ങിക്കിടന്നു. ഭര്‍ത്താവ് രാത്രിയിലെത്തി ചോദിച്ചു:
'ആരാണിവിടെ വന്നത്?'
'ആരും വന്നില്ല.'
'ആരുടെയാണീ ഷൂസും കോട്ടും?'
'അറിയില്ല.'
അയാളുടെ സംശയം വര്‍ധിച്ചു. വഴക്കായി. അയാള്‍ തന്റെ പുതപ്പും തലയിണയുമെടുത്ത് അടുത്തുള്ള വാനരക്ഷേത്രത്തിലേക്ക് കിടക്കാന്‍ പോയി. എന്താണ് സംഭവിച്ചതെന്ന് സ്ത്രീക്ക് ഒരു പിടിയും കിട്ടിയില്ല. ആരുടെതായിരിക്കും ആ കോട്ടും ഷൂസും എന്ന് സ്വയം ചോദിച്ചു കിടന്ന് അവള്‍ ഉറങ്ങിപ്പോയി. ആ നാട്ടിലെ മുഴുവന്‍ വിളക്കുകളും രാത്രി ഉറങ്ങാനെത്തുന്നത് ആ വാനരക്ഷേത്രത്തില്‍ തന്നെയാണ്. വൈകിയെത്തിയ വിളക്കിനോട് മറ്റു വിളക്കുകള്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. തന്റെ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നുവെന്നു വിളക്കു പറഞ്ഞു.

പുറത്തേക്ക് വിടാതെ ഉള്ളിലിട്ടുഞെരുക്കിയതിന് പാട്ടും കഥയും ആ സ്ത്രീയോട് പ്രതികാരം ചെയ്യുകയാണെന്ന് വിളക്കു പറഞ്ഞു. ഇതുകേട്ട് പശ്ചാത്തപിച്ച ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തി ഭാര്യയോട് ആ പാട്ടും കഥയും തന്നെ ഒന്ന് കേള്‍പ്പിക്കുമോ എന്ന് ചോദിച്ചു. അവള്‍ അപ്പോഴേക്കും പാട്ടും കഥയും മറന്നിരുന്നു. അവള്‍ ചോദിച്ചു, 'ഏതു കഥ? ഏത് പാട്ട്?'

ഇത് എ.കെ. രാമാനുജം എഡിറ്റ് ചെയ്തു കാലിഫോര്‍ണിയ സര്‍വകലാശാല പ്രസിദ്ധീകരിച്ച A Flowering Tree and Other Oral Tales from India എന്ന സമാഹാരത്തിലുള്ളതാണ്. ഈ കഥയാണ് ഞാന്‍ ആദ്യമായി ഫെയ്‌സ്ബുക്കില്‍ വായിക്കുന്നത്. ഈ കഥയ്ക്ക് ഫെയ്‌സ്ബുക്ക്‌പോലെയുള്ള ഒരു തുറസ്സില്‍ ചെറുതല്ലാത്ത പ്രസക്തിയുണ്ട്. ജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവുകള്‍ മറച്ചുവെക്കാനും അല്ലെങ്കില്‍ ജീവിതം നിരര്‍ഥകമാണെന്നു തോന്നിക്കാനും വേണ്ടി കണ്ണുകളും ചുണ്ടുകളും ഇറുക്കിയടച്ചു ജീവിക്കുന്ന ഒരുകൂട്ടമാളുകള്‍ നമുക്കു ചുറ്റുമുണ്ട്. മുഖ്യധാരകളിലൊന്നും അവരെ നാം കണ്ടില്ലെന്നിരിക്കും. ഉള്ളതിലേറെ കാര്യങ്ങള്‍ മനസ്സിലാക്കുകയും അതിലേറെ കാര്യങ്ങള്‍ ഒളിപ്പിക്കുകയും ചെയ്യുന്നുണ്ടാകും അവര്‍. ചെടിയുടെ തണ്ടില്‍ ഒന്നു തൊട്ടാല്‍ ശലഭം പറന്നുപോകുന്നതുപോലെ, അവരെ ഒന്നു തൊട്ടാല്‍ അവരുടെ കാഴ്ചകള്‍ നമുക്കു മുന്നിലും തുറന്നുവന്നേക്കാം. ഫെയ്‌സ്ബുക്കിന്റെ ചുവരുകളില്‍ കാണാം, ഇതുപോലെ ഒരൊറ്റ സ്​പര്‍ശത്തില്‍ കണ്ണുതുറക്കുന്ന ശലഭങ്ങളെ. മുഖ്യധാരകളില്‍ പ്രത്യക്ഷപ്പെടാത്ത ഒരുപാടെഴുത്തുകാര്‍ ഇവിടെ തങ്ങളുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നു. നല്ല സിദ്ധിയും സൂക്ഷ്മനിരീക്ഷണവും നര്‍മബോധവും ഉള്ളവര്‍ ഇവിടെയുണ്ട്. സ്വന്തം ചുവരുകളില്‍ അതെല്ലാം അവര്‍ കുറിച്ചിടുന്നു. വായിച്ചതും കണ്ടതും അറിഞ്ഞതുമായ എല്ലാ വിവരങ്ങളെയും കുറിച്ച് അവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും അതിനുള്ള പ്രതികരണങ്ങള്‍ ഉടനടി ഏറ്റുവാങ്ങുകയും ചെയ്യുന്നു. പ്രശസ്തരായ എഴുത്തുകാരുമായി അഭിരുചികള്‍ പങ്കുവെക്കുന്നു. ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടുന്നു. രചനയുടെ കാര്യത്തില്‍ മറ്റേതൊരു പ്രഖ്യാപിത എഴുത്തുകാരനെയുംപോലെ അയാള്‍ക്കും അധികാരങ്ങളുണ്ട്. അയാളും അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ട്. അത് പ്രസിദ്ധീകരിക്കുകയും വായനക്കാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ അയാളും കടന്നുപോകുന്നുണ്ട് ബ്രഹ്മാനന്ദസദൃശമായ ഒരനുഭവത്തിലൂടെ. മുമ്പ് സൂചിപ്പിച്ച കഥയിലേതുപോലെ ആശയങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വ്യക്തിയുടെ ഉള്ളില്‍ക്കിടന്നു ശ്വാസംമുട്ടേണ്ടിവരുന്നില്ല. എല്ലാം പറയാനൊരിടം. എല്ലാം പങ്കുവെക്കാനൊരു വേദി. എല്ലാവര്‍ക്കും എത്താന്‍ കഴിയുന്ന ഒരിടം എന്ന നിലയില്‍ ഇതിനു തീര്‍ച്ചയായും ഒരു വിപ്ലവസ്വഭാവവും ജനാധിപത്യസ്വഭാവവും ഉണ്ടെന്നു പറയാതെ വയ്യ. ഒരേപോലെ കുഴപ്പങ്ങളിലും സ്വാതന്ത്ര്യങ്ങളിലും പെട്ട് അവര്‍ ഒഴുകുകയാണ്. ഏതൊരു ആള്‍ക്കൂട്ടത്തിനും ഉണ്ടല്ലോ അതിന്റേതായ ന്യായവാദങ്ങള്‍. അവിടെ വല്ലാത്ത ഒരു ഐകരൂപ്യം ദൃശ്യമാണ്. പങ്കുപറ്റലിന്റെ ഹൃദ്യതയുണ്ട്.

സാമൂഹികജീവിയാവുക എന്നതിന് കൃത്രിമജീവിയാവുക എന്നുകൂടി അര്‍ഥമുണ്ട്. മാന്യവും മാതൃകാപരവുമായ സാമൂഹികജീവിതം നയിക്കേണ്ടിവരുന്ന ഏതൊരാളും ഏല്‍ക്കേണ്ടിവരുന്ന അംഗീകരിക്കപ്പെട്ട പീഡാനുഭവങ്ങളില്‍ ഒന്നാണ് ഇഷ്ടമില്ലെങ്കില്‍പ്പോലും ഒരാള്‍ക്കൂട്ടത്തിന്റെ ഭാഗമായി തുടരേണ്ടിവരിക എന്നത്. കൃത്രിമമായി ചിരിച്ചും ലോഹ്യം ഭാവിച്ചും ആള്‍ക്കൂട്ടത്തില്‍ നില്ക്കുക എന്നതാണ് അംഗീകൃതജീവിതക്രമം. വ്യക്തി, സ്വയം തിരഞ്ഞെടുക്കുന്നതല്ല. അവന്റെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് ഈ കൃത്രിമ മുറ. ഇതൊരിക്കല്‍ ശീലിച്ചുകഴിഞ്ഞാല്‍ പിന്നെ തന്റെ സ്വകാര്യതയുടെ മേലുള്ള അനാവശ്യമായ കടന്നുകയറ്റങ്ങളെപ്പോലും സമൂഹത്തിന്റെ അവകാശമായി അയാള്‍ ധരിച്ചുപോവുകയാണ്. എല്ലാ ചെയ്തികള്‍ക്കും ചിന്തകള്‍ക്കും സമൂഹത്തോട് ഉത്തരം പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന ബോധത്തിന് അയാള്‍ അടിപ്പെടുന്നു. അതോടെ ഏകാന്തത ആഗ്രഹിക്കുക എന്നാല്‍ എന്തോ സാമൂഹികവിരുദ്ധമായ സംഗതിയാണെന്നും വന്നുചേരുന്നു. മനുഷ്യസമുദായം രൂപവത്കരിക്കപ്പെട്ടത് വ്യക്തിയുടെ സ്വാതന്ത്ര്യസംരക്ഷണത്തിനുംകൂടി ആണെന്നിരിക്കെ വ്യക്തിത്വത്തിന്റെ വികാസത്തെ തടയുന്ന മട്ടില്‍ ഉള്ള സമൂഹത്തിന്റെ ഇടപെടലുകള്‍ സാമൂഹികപുരോഗതിയിലേക്ക് നയിക്കുകയില്ല. ഏകാന്തതയും ഒരു അവകാശമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരുന്നു. ഏകാന്തത എന്നതിന് ഒറ്റപ്പെട്ടിരിക്കുക എന്നല്ല അര്‍ഥം. ഏതാള്‍ക്കൂട്ടത്തിന്റെ നടുവിലും ആത്മാവില്‍ സ്വതന്ത്രനും ശാന്തനുമായി ഇരിക്കാന്‍ കഴിയുന്ന അവസ്ഥകൂടിയാണത്. വ്യക്തിയുടെ സ്വച്ഛതയും ശാന്തതയും സമൂഹത്തിന്റെ ഉത്തരവാദിത്വത്തില്‍പ്പെടുന്ന വിഷയം തന്നെയാണ്. ഒരു സൗഹൃദത്തിന്റെ നേര്‍മപോലും തനിക്ക് താങ്ങാന്‍ ആവില്ലെന്ന് ഒരാള്‍ക്ക് മറ്റൊരാളെ അറിയിക്കേണ്ടതായും വരാം. യഥാര്‍ഥ ലോകത്തുനിന്ന് താത്കാലികവും വ്യാജവുമായ ഒരു കല്പിതലോകത്തേക്ക് പോകാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്ന ധാരാളം സാമൂഹികഘടകങ്ങളുണ്ട്. അങ്ങനെയൊരു കല്പിതലോകത്തിന്റെ സാധ്യതയുംകൂടി സൈബര്‍ലോകം അനുവദിച്ചു തരുന്നുണ്ട്.

സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തികള്‍ ചുറ്റുപാടുകളോട് അവജ്ഞയുള്ളവരാണെന്നോ സമൂഹത്തെ നിഷേധിക്കുന്നവരാണെന്നോ അര്‍ഥമില്ല. ഒരേ സമയം സമൂഹത്തില്‍ ആനന്ദം കണ്ടെത്തുന്നവരും സമൂഹത്താല്‍ പീഡിപ്പിക്കപ്പെടുന്നവരുമാണ് അവര്‍. ഒരു കപടലോകം നിര്‍മിക്കുന്നതിന്റെ ഭ്രാന്തമായ ആവേശത്തിലാണ് ഞാനിപ്പോഴും. മരിക്കുംവരെ അങ്ങനെത്തന്നെ ആയിരിക്കും. എന്റെ ആന്തരികജീവിതത്തില്‍ കുടിയേറിയ, അത്രമാത്രം സചേതനരും വിശ്വസ്തരുമായ കഥാപാത്രങ്ങളെ ഞാനെന്റെ സങ്കല്പങ്ങളില്‍ അണിനിരത്തുന്നു. തണുപ്പുകാലത്ത് നെരിപ്പോടിനടുത്തിരിക്കുന്ന സുഖം അതെനിക്ക് തരുന്നു. കാരണം, യഥാര്‍ഥവും വൈയക്തികവും അപൂര്‍ണവുമായ ജീവിതങ്ങളുള്ള ഒട്ടേറെ സുഹൃത്തുക്കളുടെ ഒരു ലോകം എന്റെയുള്ളിലുണ്ട് എന്ന് പ്രശസ്ത എഴുത്തുകാരനായ ഫെര്‍ണാന്‍ഡോ പെസോഅ ഈ ആശയത്തെ എത്ര മനോഹരമായി, വ്യക്തമായി അവതരിപ്പിക്കുന്നു. എഴുപതോളം തൂലികാനാമങ്ങളില്‍ പെസോഅ എഴുതിയിരുന്നുവത്രേ. താന്‍ കണ്ടെത്തുന്ന തന്നിലെ ഓരോ പുതിയ വ്യക്തിക്കും പുതിയ പേരുകള്‍ നല്‍കി അദ്ദേഹം. എല്ലാവര്‍ക്കും വ്യത്യസ്തമായ ജീവചരിത്രവും നല്‍കി. അതില്‍ ലിസ്ബണിലെ കണക്കെഴുത്തുകാരനായ ബെര്‍ണാഡോ സൊആറെസിന്റെ പേരിലാണ് പെസോഅ തന്റെ ആത്മകഥയെഴുതിയത് - അശാന്തതയുടെ പുസ്തകം. ജീവിച്ചിരുന്നെങ്കില്‍ വ്യാജ ഐഡികളില്‍ മറഞ്ഞിരുന്ന് സ്വയം ആവിഷ്‌കരിക്കാനുള്ള സൈബര്‍സാധ്യതകളെ അദ്ദേഹം ആഹ്ലാദകരമായി ഉപയോഗിക്കുകയായിരുന്നിരിക്കണം. വ്യാജ ഐഡി ഒരപരാധമായി കാണേണ്ടതില്ല. ഫെയ്‌സ്ബുക്കില്‍ അത് ധാരാളമുണ്ടുതാനും. പക്ഷേ, നമ്മുടെ വര്‍ണക്കുടകള്‍ നിവര്‍ത്തുമ്പോള്‍ അടുത്തുനില്‍ക്കുന്നവരുടെ കണ്ണില്‍ കൊള്ളാതെ സൂക്ഷിച്ചാല്‍ മതി. ഓരോരുത്തര്‍ക്കും ഓരോവിധം ലഹരിയാണുള്ളത്. ചിലര്‍ക്ക് ജീവിച്ചിരിക്കുന്നതില്‍ നിന്നുതന്നെ ആ ലഹരി അറിയാനും സ്വന്തമായ ഒരു അപാരത സൃഷ്ടിച്ചെടുക്കാനും കഴിയുന്നു. പെസോഅ അത്തരം ഒരു വ്യക്തിത്വമായിരുന്നു. ഒരുപാട് വ്യക്തിത്വങ്ങളുടെ ഒരു പെരുക്കം. കണ്ണാടിയില്‍ നോക്കി സ്വന്തം പ്രതിബിംബത്തില്‍നിന്ന് യഥാര്‍ഥ ഞാന്‍ ഏതെന്നു തിരിച്ചറിയാതെ ഉഴലുന്ന മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങളോട് നമുക്ക് പലപ്പോഴും സാത്മ്യം തോന്നുന്നെങ്കില്‍ അത്, പെരുക്കപ്പെട്ട സ്വന്തം വ്യക്തിത്വങ്ങളെ അവരില്‍ കണ്ടെത്താനാകുന്നതുകൊണ്ടാകാം. നമ്മുടെ അസ്തിത്വത്തിന്റെ വിശാലമായ കോളനിയില്‍ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അനേകം ഗണങ്ങളില്‍പ്പെട്ട മനുഷ്യരുണ്ട്. സൈബര്‍ലോകത്തില്‍ ഇടപെടുമ്പോഴും യഥാര്‍ഥ ഞാന്‍, ഫെയ്‌സ്ബുക്ക് ഞാന്‍ എന്ന പിളര്‍വ്യക്തിത്വങ്ങള്‍ ഉണ്ടാവുകയും ഫെയ്‌സ്ബുക്ക് വ്യക്തിത്വം യഥാര്‍ഥ വ്യക്തിത്വത്തെ ഒളിപ്പിച്ചുവെക്കുകയും ചെയ്യാറുണ്ട്. 'സൈബര്‍ ലോകത്തെ എന്റെ കഥാപാത്രമാണ് ഞാന്‍' എന്ന് ഇതിനെ ഉണ്ണി ശ്രീദളം തന്റെ സ്റ്റാറ്റസ് മെസേജില്‍ ന്യായീകരിക്കുന്നു. ഒരുപാട് പേര്‍ എന്നെ കാണുന്നു എന്ന തോന്നല്‍, നാം ചെയ്യുന്ന കാര്യങ്ങളില്‍ ആരുടെയെങ്കിലും ശ്രദ്ധ പതിയുന്നു എന്ന തോന്നല്‍, അത്രയും മതി ആ നിമിഷം മുതല്‍ നമ്മുടെ എല്ലാ ചലനങ്ങളും കൃത്രിമമാകാന്‍ തുടങ്ങും. പിന്നെയുള്ള ഓരോ ചലനവും ആ വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടാനുള്ള നാട്യങ്ങളായി മാറും. നാം അറിയാതെ തന്നെ കള്ളങ്ങള്‍ കാണിച്ചുതുടങ്ങും. എല്ലാത്തിനും ഒരുതരം പ്രകടനാത്മകത വന്നുചേരും. ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ടായിരിക്കുകയും മനസ്സില്‍ ആ സമൂഹസാന്നിധ്യം സൂക്ഷിക്കുകയും ചെയ്യുകയെന്നാല്‍ നുണകളില്‍ ജീവിക്കുക എന്നാണ് അര്‍ഥമെന്ന് മിലന്‍ കുന്ദേര അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങില്‍ പറയുന്നുണ്ട്. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോഴും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും എന്തിനധികം ഒരു ലൈക് അടിക്കണമെങ്കില്‍പോലും വല്ലാത്ത ഒരു സൂക്ഷ്മതയും ശ്രദ്ധയും വേണമെന്ന് ഓര്‍മിപ്പിക്കുന്നതാണ് ആ സമൂഹസാന്നിധ്യം. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ ചന്തയില്‍ കൊത്തിപ്പറിക്കാന്‍ നിന്നുകൊടുക്കുന്ന അവസ്ഥ ഉണ്ടായേക്കാം. ആര്‍ക്കും ആരേയും ചെളിവാരിയെറിയാന്‍ ഒരു തടസ്സുവുമില്ല ഇവിടെ. അതില്‍ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ല. അച്ചടിമാധ്യമങ്ങളിലേതുപോലെ എഡിറ്റര്‍ സൂക്ഷിക്കുന്ന സുരക്ഷിതത്വത്തിന്റെ അരിപ്പയില്ല ഇവിടെ. കേളികേട്ട ജനാധിപത്യത്തിന്റെ അത്ര സുഖകരമല്ലാത്ത ചില അനുഭവങ്ങള്‍ അവിടെയുണ്ടായേക്കാം. ആര്‍ക്കും ആരേയും എന്തും പറയാം. ആരുടെ ചുവരിലും ആര്‍ക്കും എന്തും എഴുതാം. അപ്പോഴാണ് ഫെയ്‌സ്ബുക്ക് വ്യക്തിത്വം യഥാര്‍ഥ വ്യക്തിത്വത്തില്‍നിന്ന് പിരിഞ്ഞുനില്‍ക്കുന്നത്. അജയ് പി. മങ്ങാട്ട് തന്റെ ഒരു സ്റ്റാറ്റസ് മെസേജില്‍ അതിങ്ങനെ വ്യക്തമാക്കി, 'Facebook is like a bus stand where I sell or display my low-priced goods. Sometimes I don't even ask for a remuneration. But I would like men to listen me. But this is clearly another person.' ഒരാളുടെ സ്വകാര്യ, പൊതു വ്യക്തിത്വങ്ങളെ വേര്‍തിരിക്കുന്ന അതിരാണ് ഫെയ്‌സ്ബുക്കിലെ ചുവര്‍.

തിരുവെഴുത്തില്‍ മതിലുകളെ രൂപകാര്‍ധത്തില്‍ പ്രയോഗിക്കുന്നുണ്ട്. അവിടെ മതില്‍ രക്ഷയുടെയും ദൈവികസംരക്ഷണത്തിന്റെയും പ്രതീകമാണ്. ദുഷ്ടന്മാര്‍ക്കെതിരെ സാക്ഷ്യംപറയുന്ന പ്രവാചകന്‍ ഒരു താമ്രഭിത്തിയാണ്. യഹൂദന്മാരെയും ജാതികളെയും വേര്‍തിരിച്ചിരുന്നത് വേര്‍പാടിന്റെ നടുച്ചുവരായിരുന്നു. ക്രിസ്തു തന്റെ മരണത്താല്‍ ഇടിച്ചുകളഞ്ഞത് ഈ നടുച്ചുവരായിരുന്നു. സൈബര്‍ലോകത്ത് മതിലുകള്‍ മനുഷ്യനെ കൂട്ടിയിണക്കുകയും അടുപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു. 'എന്റെ ചുവരില്‍ എഴുതരുത്' എന്ന് യഥാര്‍ഥലോകം താക്കീതു ചെയ്യുമ്പോള്‍ 'എന്റെ ചുവരില്‍ എന്തെങ്കിലും എഴുതൂ' എന്ന് സൈബര്‍ലോകം ക്ഷണിക്കുന്നു. രാഷ്ട്രീയവും ആത്മീയവുമായ ആശയപ്രചാരണത്തിനും അപവാദപ്രചാരണത്തിനും പരസ്യപ്രചാരണത്തിനും പണ്ടും മതിലുകള്‍ ഉപയോഗിച്ചിരുന്നു. അമ്പലത്തിലെ ചുവരില്‍ കരിക്കട്ടകൊണ്ടാണ് തന്റെ ആദ്യകവിത പ്രസിദ്ധീകരിച്ചതെന്ന് അക്കിത്തം എഴുതിയിട്ടുണ്ട്. നാട്ടിലെ അവിഹിതബന്ധങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അമ്പലക്കുളത്തിന്റെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് കുറച്ചുപേരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. അടങ്ങിയൊതുങ്ങി നടന്നില്ലെങ്കില്‍ ചുവരില്‍ പേര്‍ വരുമെന്നത് പഴയ കാലത്ത് പെണ്‍കുട്ടികള്‍ നേരിട്ടിരുന്ന ഭീഷണിയാണ്. ചുവരുകള്‍ സംസ്‌കാരത്തിന്റെയും സൗന്ദര്യത്തിന്റെയും കലയുടെയും പരസ്യോപാധിയായിരുന്നു എക്കാലത്തും. പുതിയ കാലത്തെ പെണ്‍കുട്ടി ഇലക്‌ട്രോണിക് ചുവരുകളെ തനിക്കിഷ്ടമുള്ളതെന്തും എഴുതാനും പരസ്യപ്പെടുത്താനുമായി ഉപയോഗിക്കുന്നു. അപര്‍ണാ പദ്മജ തന്റെ അമ്മയും ഫെയ്‌സ്ബുക്ക് സുഹൃത്തുമായ പദ്മജാ നായരുടെ ചുവരില്‍ ഇങ്ങനെ എഴുതി, 'This is a wall. Previously, walls were used to separate rooms from each other and protect people from the weather and nosy neighbours. However, this generation uses walls to write horrifically public notes to each other. This is a horrifically public note on your wa-ll.'

ചുവരെഴുത്തുകള്‍ നിര്‍വഹിക്കുന്ന എല്ലാ ധര്‍മങ്ങളും അതിന്റെ അനുകൂലവും വിപരീതവുമായ ഫലങ്ങളോടെ ഇവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട്. കൃത്യമായ അജന്‍ഡകള്‍ ഇവിടെയും നടപ്പാക്കപ്പെടുന്നുണ്ട്. സി.പി.എമ്മിന്റെയും ജമാ അത്തെ ഇസ്‌ലാമിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്ത്രീപക്ഷത്തിന്റെയും വക്താക്കള്‍ ഇവിടെയുമുണ്ട്. വിരുദ്ധാഭിപ്രായങ്ങളെ നേരിടുമ്പോള്‍ അസഹ്യതയും അസഹിഷ്ണുതയും ഉയര്‍ന്നുവരാറുണ്ട്. എഡിറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ ആരുമില്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം. ആരെയും അപമാനിക്കാം. വ്യക്തിഹത്യ നടത്താം. തങ്ങളാണ് ശരി എന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാകുന്നവരുടെ മാത്രം ചുമതലയാണ്. ആല്‍ത്തറകളിലും അമ്പലമുറ്റങ്ങളിലും അടുക്കളയുടെ വടക്കുപുറങ്ങളിലും കോലായകളിലും ചന്തകളിലും ചായക്കടകളിലും ഒക്കെയുണ്ടായിരുന്ന സാമൂഹിക കൂട്ടായ്മകളുടെ പുതിയ രൂപം മാത്രമാണ് ഈ സൈബര്‍ കൂട്ടായ്മകള്‍. ആക്റ്റിവിസത്തിനുള്ള വേദിയായും സ്വാഭാവികമായും ഈ കൂട്ടായ്മ മാറിക്കഴിഞ്ഞു. അധ്യാപകന്റെ കൈവെട്ടിയ കേസും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവും മഅദനി കേസും ഷാഹിന പ്രശ്‌നവും അഭയയുമായി ബന്ധപ്പെട്ട് സുഗതകുമാരിക്കെതിരെയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും എല്ലാം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ചിലപ്പോള്‍ ഏകപക്ഷീയമാവുന്നു. മറ്റു ചിലപ്പോള്‍ സമഗ്രമാകുന്നു. ആള്‍ക്കൂട്ടത്തിന്റെ പ്രശംസ ആഗ്രഹിക്കുന്നില്ല എന്നു ഭാവിക്കുന്നവര്‍ ആത്മപ്രശംസകൊണ്ട് ഞെളിയുന്നതും കാണാം. ഈ ലോകത്ത് പ്രശസ്തിയെപ്പോലെ കൈകാര്യം ചെയ്യാന്‍ പറ്റിയ വിഷയമില്ല. കാണികളില്‍നിന്ന് കൈയടി നേടാനുള്ള പ്രലോഭനത്തെ ചെറുത്തുനില്‍ക്കുക എളുപ്പമല്ല എന്ന് എവിടെയാണ് വായിച്ചത്?

എനിക്ക് വ്യക്തിപരമായി ഫെയ്‌സ്ബുക്ക് വെറും ഒരു സൗഹൃദക്കൂട്ടായ്മ മാത്രമല്ല. ഒരുപാട് സുഹൃത്തുക്കളെ ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും എന്റെ മനസ്സിനുണ്ടെന്നും തോന്നുന്നില്ല. വളരെ പെട്ടെന്ന് അടുക്കുകയും അടുക്കുന്നത്ര വേഗത്തില്‍ അകറ്റിമാറ്റുകയും ചെയ്യുന്ന വ്യക്തിദോഷം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു സാങ്കല്പികലോകത്തില്‍ മാത്രമേ എനിക്ക് സൗഹൃദം സാധ്യമാകൂ എന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. തൊട്ടാല്‍ പൊട്ടുന്ന ഈഗോയും അതിവൈകാരികതയും ക്ഷോഭവുംകൊണ്ട് എത്രയെത്ര നല്ല സൗഹൃദങ്ങളാണ് നഷ്ടപ്പെടുത്തിയത്. കാന്‍സര്‍ വന്ന ശരീരഭാഗം മുറിച്ചുമാറ്റുമ്പോഴുള്ള അസഹ്യവും അനിവാര്യവുമായ വേദനയോടെയാണ് ഹൃദയത്തോടു ചേര്‍ന്നുനിന്ന സുഹൃത്തുക്കളെ ഓരോരുത്തരെയായി പറിച്ചെറിഞ്ഞത്. വളരെ വൈകി മാത്രം തിരഞ്ഞെടുത്ത സ്വാതന്ത്ര്യത്തെ ഒരു ചെറിയ നിഴല്‍കൊണ്ടുപോലും മറയ്ക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു സ്ത്രീയുടെ സ്വാര്‍ഥതയാണത്. യഥാര്‍ഥലോകത്തിലെ സൗഹൃദങ്ങള്‍ക്ക് ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നു എന്ന ബോധമാകാം അയഥാര്‍ഥ ലോകങ്ങളിലേക്ക് നയിക്കുന്നത്. അവിടെ ഉത്തരവാദിത്വങ്ങളില്ല. ബോധ്യപ്പെടുത്തലുകളും കുമ്പസാരങ്ങളും ഇല്ല. നോവലും നോവിക്കലും ഇല്ല. അടുക്കുന്ന എന്തിനോടും ജന്മവാസനകൊണ്ട് ഉണ്ടായിപ്പോകുന്ന ആത്മബന്ധം മാത്രം ഇവിടെയും ഉണ്ട്. പുസ്തകങ്ങളിലേക്കും സിനിമകളിലേക്കും പാട്ടുകളിലേക്കും പോകുന്ന ലാഘവത്തോടെ, സ്വാഭാവികതയോടെ, ആര്‍ത്തിയോടെ എനിക്ക് പരിചയമില്ലാത്ത വിചിത്രവും വിഭിന്നവുമായ രുചികളിലൂടെ സഞ്ചരിക്കുന്നു. ഭര്‍ത്താവും മകനും സഹോദരനും അവിടെ സ്ഥാപനവത്കൃതലോകത്തിന്റെ പുരുഷമാതൃകകള്‍ അല്ല, നല്ല കൂട്ടുകാര്‍ മാത്രം. ചോദ്യം ചെയ്യലില്ല, വിശദീകരണമില്ല. ഇഷ്ടമില്ലാത്തതെന്തെങ്കിലും തോന്നിയാല്‍ ആരെയും എപ്പോഴും ബ്ലോക്ക് ചെയ്യാം. ബന്ധങ്ങള്‍ ഉണ്ടാക്കലും വേര്‍പെടുത്തലും വളരെ എളുപ്പം. ഒന്നിലും മുഴുകുകയല്ല. യഥാര്‍ഥ്യബോധത്തോടെ സാധ്യതകളെ ഉപയോഗിക്കുക മാത്രമാണ്.

പത്തു പുസ്തകം വായിക്കുന്നതിനേക്കാള്‍ പ്രയോജനമാണ് പത്തു പുസ്തകം വായിച്ച ഒരാളുമായി സംസാരിക്കുന്നത്. അദൃശ്യയായി ഇരുന്ന് ഒരഭിപ്രായംപോലും പറയാതെ എത്രയോ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു. കാണാതെയും അറിയാതെയും പോകുമായിരുന്ന എത്രയെത്ര പുസ്തകങ്ങളെയും എഴുത്തുകാരെയും ചലച്ചിത്രങ്ങളെയുമാണ് ഈ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫെയ്‌സ്ബുക്ക് ജീവിതം പരിചയപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിനും കമ്പ്യൂട്ടറിനും മുന്നില്‍ ഒരു നിമിഷംപോലും പാഴായിപ്പോയതായി തോന്നിയിട്ടില്ല. പലരും സമയനഷ്ടത്തെക്കുറിച്ച് വിലപിക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ജാഗരൂകയാകാറുണ്ട്. ഓരോ നിമിഷത്തെയും എനിക്കുവേണ്ടി, എന്റെ വിലയേറിയ സമയത്തിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ഒരു പുതിയ ലോകത്തെ അറിയാനും പുതിയ തലമുറയോടും പുതിയ കാലത്തോടുമൊപ്പം ഓടിയെത്താനുമുള്ള യജ്ഞത്തിന്റെ ഭാഗമാണ്. പതിവുജീവിതം ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ കടന്നുചെല്ലുമായിരുന്നിരിക്കില്ല ഒരുപക്ഷേ ഫ്‌ളോബെറിന്റെയും പെസോഅയുടെയും അന്ന ആഖ്മത്തോവയുടെയും ആകര്‍ഷകമായ വിചിത്രവഴികളിലേക്ക്? വായിച്ചുപോകുന്ന പുസ്തകങ്ങളില്‍ത്തന്നെ വായിക്കാത്ത എത്രയോ അടരുകള്‍! ഒരിക്കല്‍ വായിച്ച പുസ്തകങ്ങളെപ്പോലും പുതുതായി വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുതിയ വായനകള്‍ അവിടെ നടക്കുന്നുണ്ട്. രവികുമാര്‍ വാസുദേവന്റെ വിവര്‍ത്തനങ്ങളും സച്ചു തോമസിന്റെ വ്യത്യസ്തതയുള്ള കുറിപ്പുകളും പുതിയ എത്രയോ പുസ്തകങ്ങളിലേക്ക് എനിക്ക് വഴി തുറന്നു. അധ്യാപികയെന്ന നിലയില്‍ പുതിയ കാലത്തിന്റെ കുട്ടികളോട് ഇടപെടുമ്പോള്‍ എനിക്ക് ഏറെ അധ്വാനിക്കേണ്ടതുണ്ട്. അവരുടെ പ്രായത്തിലുള്ള കൂട്ടുകാരുമായുള്ള സംവാദമാണ് അതിന് ഏറ്റവും നല്ല മാര്‍ഗം. ആള്‍ക്കൂട്ടത്തിന്റെ മാസ്മരികതയില്‍ പെടാതെ കുറെ പുസ്തകങ്ങളും ഞാനും. പുതിയ തലമുറ ചുഴിഞ്ഞെടുക്കുന്ന വേറിട്ട കാഴ്ചകളെ അവര്‍പോലും അറിയാതെ പിന്‍തുടരുന്നതിന്റെ ലഹരിയിലാണ് ഞാന്‍. പുതിയ എന്തെങ്കിലും അറിവുകള്‍ കിട്ടിയാല്‍ അത് പങ്കുവെക്കുവാനും അതിനുള്ള പ്രതികരണങ്ങള്‍ അറിയുവാനും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കൗതുകത്തോടെ ഫെയ്‌സ്ബുക്കിലേക്ക് ഓടിയടുക്കുന്നു. മടുപ്പു തോന്നിയാല്‍ ദിവസങ്ങളോളം വിട്ടുനില്‍ക്കുന്നു.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നു കണക്കുകള്‍ പറയുന്നു. 'The world is social, women are more social' എന്നാണ് ഇതേക്കുറിച്ച് ഷെര്‍ലി സാന്‍ഡ്‌ബെര്‍ഗ് പറയുന്നത്. പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ എട്ടു ശതമാനം സുഹൃത്തുക്കള്‍ സ്ത്രീകള്‍ക്ക് കൂടുതലുണ്ടെന്നും പുരുഷന്മാരേക്കാള്‍ അറുപത്തിരണ്ടുശതമാനം കൂടുതലാണ് സ്ത്രീപങ്കാളിത്തമെന്നും അവര്‍ കണക്കുകള്‍ സഹിതം പറയുന്നു. 'The social world is lead by women and they are leading that change online' എന്നും ആണ് അവരുടെ വിലയിരുത്തല്‍. യഥാര്‍ഥജീവിതത്തിലുള്ളതിനേക്കാള്‍ രസകരമാണ് ഓണ്‍ലൈന്‍ ബന്ധങ്ങളെന്നു അന്‍പത്തിയേഴു ശതമാനം സ്ത്രീകള്‍ പറഞ്ഞപ്പോള്‍ മുപ്പത്തിയൊന്‍പതുശതമാനം പേര്‍ തങ്ങള്‍ ഫെയ്‌സ്ബുക്ക് അഡിക്റ്റുകളായിരിക്കുന്നുവെന്നു സമ്മതിച്ചു. പലരും പാതിരാത്രിയില്‍ മെസ്സേജുകള്‍ പരതാനായി ചാടിയുണരാറുണ്ടത്രേ! യഥാര്‍ഥവ്യക്തിത്വത്തെക്കാള്‍ ആത്മവിശ്വാസമാണ് ഫെയ്‌സ്ബുക്ക് വ്യക്തിത്വത്തില്‍ അനുഭവപ്പെടുന്നതെന്ന് മുപ്പത്തിയൊന്നു ശതമാനം പേര്‍.

ഞാന്‍ ഞാനായിരിക്കുന്നതിനു പകരം ഞാനെന്ന സ്ത്രീ ആയിരിക്കേണ്ട ഓരോ നിമിഷത്തെയും ഒഴിവാക്കാന്‍ കഴിയുന്നു. പെണ്‍കുട്ടികളല്ല മുപ്പതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഈ കൂട്ടായ്മയില്‍ സജീവമായുള്ളത്. മറന്നുകിടന്നിരുന്ന പല പ്രണയബന്ധങ്ങളും പുതുക്കപ്പെടുകയും വിവാഹമോചനങ്ങള്‍ സാര്‍വത്രികമാവുകയും സാമ്പ്രദായികസമൂഹങ്ങള്‍ വിറളിയെടുക്കുകയും ചെയ്യുന്നതായി പത്രവാര്‍ത്തകള്‍! കൗമാരക്കാരികളെ കുറിച്ചല്ല അമ്മമാരെക്കുറിച്ചാണ് പുതിയ ഭീതികള്‍ എന്നത് രസകരമായ വസ്തുതയാണ്. ഏതൊരു മനുഷ്യനിലുമെന്നപോലെ സ്ത്രീയിലും സദാ ഉണര്‍ന്നിരിക്കുന്ന ഒരു ബോധമുണ്ട്. സ്ത്രീയില്‍ അത് കുടുംബം, സദാചാരം തുടങ്ങിയവയെ പരിഗണിച്ച് അടക്കിനിര്‍ത്തിയിരിക്കുന്ന ഒരു ബോധമാണ്.സാമൂഹികസാഹചര്യങ്ങളിലൂടെ കാലങ്ങളായി അടിച്ചമര്‍ത്തിവെക്കപ്പെട്ടതിനാല്‍ അതിനു തീര്‍ച്ചയായും ഒരു ഭയാനകസ്വഭാവമുണ്ടാകും. സ്ത്രീയുടെ ഈ ബോധം ശരിയായ ഒരു അവബോധത്തിലേക്ക് വളരുന്നില്ല എന്നതുകൊണ്ടാണ് ഇവിടെ ഭൂമികുലുക്കങ്ങളൊന്നും ഉണ്ടാകാത്തത്. സ്ത്രീയുടെ ഉപരിപ്ലവതയോളം അഗാധമായി മറ്റൊന്നുമില്ല എന്ന് കാള്‍ ക്രൗസും മറ്റും പറയുന്നത് അതുകൊണ്ടാണ്. എന്നാല്‍ തിരിച്ചറിവുള്ള സ്ത്രീകള്‍ തങ്ങളുടെ സാധ്യതകളെ ഗംഭീരമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ആത്മാര്‍ഥതയുള്ള, തുറന്ന, ആരോഗ്യകരമായ സ്ത്രീപുരുഷസൗഹൃദങ്ങളുടെ ഇടമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ആഹ്ലാദമായ സാഹചര്യമാണ് ഏറെയും കാണുന്നത്.

ഞാന്‍ വല്ലാത്തൊരു ലഹരിയിലാണിപ്പോള്‍, എന്റെ പഴയ കൂട്ടുകാര്‍, പഴയ സംഗീതം, പഴയ ലോകം എല്ലാം എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് ഒരുവള്‍ തിരിച്ചറിയുകയും താന്‍ ഇതുവരെ ജീവിക്കുകയേ അല്ലായിരുന്നുവെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ പത്രമാധ്യമങ്ങള്‍ക്കുവരെ ഭയമുണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിന് സംരക്ഷണയുടെ ചുമതല നഷ്ടപ്പെട്ടുപോകുന്നതിന്റെ വെപ്രാളമുണ്ട്. എല്ലാ ബന്ധങ്ങളെയും ലൈംഗികാര്‍ഥത്തില്‍ കാണുന്നതിന്റെ തകരാറുകളുണ്ട്. എന്തെല്ലാം ഭയപ്പെടുത്തലുകള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും യഥാര്‍ഥലോകം നല്‍കുന്നതിനേക്കാള്‍ ആന്തരികസുരക്ഷിതത്വവും ആനന്ദവും ഈ കല്പിതലോകത്തുനിന്ന് അവള്‍ക്ക് കിട്ടുന്നുണ്ടാകും എന്നുവേണം കരുതാന്‍. താത്കാലികമെങ്കിലും അപകടസാധ്യതകള്‍ ഉള്ളതെങ്കിലും അവര്‍ അതാസ്വദിക്കുന്നു. ജീവിതം അറിഞ്ഞുകഴിഞ്ഞ സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രത്യേകതരം തിരിച്ചറിവുകളെ ഉടുക്കുകൊട്ടി പേടിപ്പിക്കാനാവില്ല. അവര്‍ എത്ര നര്‍മബോധത്തോടെ, സമഭാവത്തോടെ, നിര്‍ഭയമായി സൈബര്‍ലോകത്ത് ഇടപെടുന്നു. ആണുങ്ങളെ ഭയക്കുന്ന തനി കേരളീയസ്ത്രീയെ ഇവിടെ നിങ്ങള്‍ക്ക് കാണാനാവില്ല. സൈബര്‍ലോകത്ത് സുരക്ഷിതയായി നില്ക്കാന്‍ വേണ്ടത്ര കള്ളത്തരമൊക്കെ യഥാര്‍ഥജീവിതം അപ്പോഴേക്കും അവളെ പഠിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകും. സുഹൃത്തുക്കള്‍ മാത്രമല്ല ശത്രുക്കളും സുഹൃദ് ലിസ്റ്റില്‍ ഉണ്ടാകും. പൊതുസമൂഹത്തിന്റെ ഭാഗമായ കൂട്ടായ്മയില്‍ പൊതുസമൂഹത്തിലുള്ള എല്ലാ സ്വഭാവപ്രത്യേകതകളും ഉണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഫ്രെനിമീസ് എന്ന ഈ വിഭാഗത്തെ രസകരമായി അങ്കത്തട്ടില്‍ത്തന്നെ കൈകാര്യം ചെയ്യുന്നവരുണ്ട്. 'സോഷ്യല്‍ സൈറ്റ്‌സിനെ ഒരു കുമ്പസാരക്കൂടായി ആരും കാണരുത്. തല ചായ്ക്കാന്‍ ഒരു തോളന്വേഷിച്ചു നടക്കുന്നവര്‍, മനസ്സ് തുറന്നുകരയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വെര്‍ച്വല്‍ തീരത്ത് ഭാരമിറക്കരുത്. സന്ദര്‍ഭങ്ങളില്‍ നിന്നകലുമ്പോള്‍ അപ്രസക്തമാകുന്ന ഉദ്ധരണികള്‍ പിന്നീട് പരസ്യവായനയ്ക്ക് വിധേയമാക്കപ്പെടാം എന്ന റിസ്‌കുണ്ട്.'

പി.ഐ. ലതികയുടെ ഈ സ്റ്റാറ്റസ് മെസ്സേജില്‍ അവരുടെ എല്ലാ കണ്ടെത്തലിലും എന്നപോലെ തിരിച്ചറിവുള്ള പ്രായോഗികമതിയായ സ്ത്രീയുടെ ശബ്ദമുണ്ട്. ആരെയെങ്കിലും ഭയന്ന് പെണ്‍കുട്ടികളും സ്ത്രീകളും എവിടെയും ഒളിച്ചിരിക്കേണ്ടതില്ല. അവസ്ഥകളെ തിരിച്ചറിഞ്ഞു ധൈര്യപൂര്‍വം മുന്നോട്ടുപോകാം എന്ന ഒരു ധൈര്യം പകരലുണ്ട്. വെറും നേരമ്പോക്കും വിനോദോപാധിയുമായി സോഷ്യല്‍ നെറ്റ് വര്‍ക്കിനെ കാണുന്നവരും ഗൗരവമുള്ള സര്‍ഗാത്മകപ്രക്രിയയായി സമീപിക്കുന്നവരും ഇതിലുണ്ട്. എല്ലാവരും കണ്ടെത്തുന്നുണ്ട് അവരവരുടേതായ ആകാശവിതാനങ്ങള്‍. തന്നാലാകുംവിധം അതിനെ നക്ഷത്രനിബിഡമാക്കുന്നുമുണ്ട്.

തടവിലാക്കപ്പെട്ട ഒരു ചിത്രകാരന്‍ തടവറയുടെ ഇരുട്ടിലേക്ക് കയറിയപ്പോള്‍ ആദ്യം തോന്നിയത് ആ ചുവരില്‍ ഒരു ചിത്രം വരയ്ക്കണമെന്നാണ്. തന്റെ കൈയിലെ ചായക്കൂട്ടുകളും ബ്രഷുമുപയോഗിച്ച് അയാള്‍ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. തെളിഞ്ഞ നീലാകാശം വളരെ വ്യക്തമായി കാണാവുന്ന ഒരു ജാലകം. ഭക്ഷണവുമായി ഇരുട്ടറയിലേക്ക് കയറിവന്ന ജയിലര്‍ക്കുപോലും ജനാലയില്‍നിന്നു വന്ന വെളിച്ചത്തിന്റെ തീക്ഷ്ണതയില്‍ കണ്ണു മഞ്ഞളിച്ചുപോയി. അമ്പരന്നുപോയ ജയിലറോട് ചിത്രകാരന്‍ പറഞ്ഞു, 'ഇവിടെ വല്ലാത്ത ഇരുട്ടായിരുന്നു. എനിക്ക് പ്രകാശം വേണമെന്ന് തോന്നി. ഞാനൊരു ജാലകം തുറന്നിട്ടു.' ജയിലര്‍ പരിഹസിച്ചു, 'ഇതൊരു ജനാലയുടെ ചിത്രമല്ലേ? ഇതൊരു സങ്കല്‍പ്പമല്ലേ?' ചിത്രകാരന്‍ പറഞ്ഞു, 'എനിക്ക് പ്രകാശം വേണമെന്നേ ഉള്ളൂ. ഞാനത് സാധിച്ചു. നിങ്ങള്‍ക്കുപോലും കണ്ണ് ചിമ്മിപ്പോയില്ലേ?' ജയിലര്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞു, 'അതെയതെ. എന്നാല്‍പ്പിന്നെ നിനക്കെന്തുകൊണ്ട് രക്ഷപ്പെട്ടുകൂടാ ഈ ജാലകത്തിലൂടെ? നിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമാണെന്ന് എനിക്കുകൂടി ബോധ്യപ്പെടുമല്ലോ.' ചിത്രകാരന്‍ മന്ദഹസിച്ചുകൊണ്ട് ചുമരിന്റെ നേര്‍ക്കു നാലഞ്ചു ചുവടുവെച്ച് ജാലകത്തിലൂടെ പുറത്തേക്കുചാടി. അന്തരീക്ഷത്തിലൂടെ ചിത്രകാരന്റെ ശരീരം അതിവേഗം പുറത്തുകടന്നു. ജയിലര്‍ അമ്പരന്നുനിന്നു, പുറത്തെ പരുക്കന്‍ പ്രതലത്തില്‍, അയാള്‍ തലയിടിച്ചു വീഴുന്നതുവരെ. റുമേനിയന്‍ എഴുത്തുകാരിയായ അനാ ബ്ലാദിയായുടെതാണ് ഈ കഥ (തുറന്ന ജാലകം: ലോകകഥകള്‍/പരിഭാഷ: വൈക്കം മുരളി/പ്രസാ: സൈന്‍ ബുക്‌സ്). ഏകാന്തതയില്‍നിന്ന്, ഇരുട്ടുകളില്‍നിന്ന്, ഭീതികളില്‍നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിഭേദങ്ങളുണ്ട്. വിചിത്രമാണ് ആത്മാവിഷ്‌കാരത്തിന്റെ മാര്‍ഗങ്ങള്‍. കണ്ടുനില്‍ക്കുന്നവര്‍ക്ക് പരിഹാസം തോന്നിയേക്കാം. ഒരാള്‍ക്കും മനസ്സിലാവില്ല മറ്റൊരാളുടെ മാര്‍ഗങ്ങളുടെ നീതികളും യുക്തികളും. എനിക്ക് വേണ്ടത് വെളിച്ചമാണ്, ഞാനത് സാധിക്കുന്നു എന്നു മാത്രമേ ഇത്തരം അയുക്തികതകള്‍ക്ക് വ്യാഖ്യാനമുള്ളൂ. ഒരു ചെയ്തിയെ ചിന്തയാക്കുക എത്ര ദുഷ്‌കരമാണ്! സൗന്ദര്യമുള്ളതിനെ ആശ്ലേഷിക്കുകയല്ല. ആശ്ലേഷത്താല്‍ എന്തിനെയൊക്കെ സൗന്ദര്യാത്മകമാക്കി മാറ്റാമെന്ന അന്വേഷണം കൂടിയാണ് ജീവിതം. സ്വന്തമായ ഒരപാരതയെ സൃഷ്ടിക്കലാണ്. ഓരോരുത്തരും കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ക്കു മാത്രമേ വ്യത്യാസമുള്ളൂ. ഇവിടെ ഒന്നും അത്രയ്ക്കങ്ങ് സുതാര്യമല്ല. മുഴുവനായും അതാര്യവുമല്ല.

'അറിയപ്പെടാത്ത രൂപങ്ങളേ... ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു... ഞാന്‍ കൈനീട്ടിയാല്‍ അത് നിങ്ങളെ ആലിംഗനം ചെയ്യാനായിരിക്കും... സ്‌നേഹമുള്ള ലോകമേ... നിന്നെ എന്നിലേക്ക് വലിച്ചടുപ്പിക്കാനായിരിക്കും...'


(ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു എന്ന പുസ്തകത്തില്‍ നിന്ന്)

1 comments:

  1. Thevannoor: ഫെയ്‌സ്ബുക്ക്: പാട്ടും കഥയും മറന്നവരുടെ ചില്ല >>>>> Download Now

    >>>>> Download Full

    Thevannoor: ഫെയ്‌സ്ബുക്ക്: പാട്ടും കഥയും മറന്നവരുടെ ചില്ല >>>>> Download LINK

    >>>>> Download Now

    Thevannoor: ഫെയ്‌സ്ബുക്ക്: പാട്ടും കഥയും മറന്നവരുടെ ചില്ല >>>>> Download Full

    >>>>> Download LINK jf

    ReplyDelete

 
 
Snow-Effect