
ജീവിതം
ബാലാമണിഅമ്മ
പാല്‍പോലെ ഇറ്റിറ്റായി നുണഞ്ഞിറക്കേണ്ടതാണ് ജീവിതം. ഓരോ നിമിഷത്തിനുമുണ്ട് മാധുര്യവും പോഷകത്വവും. ആദ്യമായി പാല്‍ കുടിക്കുന്ന കുട്ടി അതിഷ്ടപ്പെടാറില്ല. വായ് തുറക്കാതിരിക്കയും വായിലെത്തിപ്പെടുന്നതു തുപ്പുകയും ചെയ്യുന്നു. മനുഷ്യന്റെ ജീവിതത്തിലെ ആദ്യഭാഗങ്ങളും പലപ്പോഴും മനംമടുപ്പിക്കുന്നവയത്രേ. വര്‍ഷങ്ങള്‍ നീങ്ങുംതോറും ആസ്വാദ്യത വര്‍ദ്ധിച്ചുവരുന്നു.
കുട്ടികളേക്കാള്‍ മുതിര്‍ന്നവര്‍ അധികമുള്ളതുകൊണ്ട് സ്‌നേഹവും ലാളനയും സുലഭമായിരുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും കുട്ടിക്കാലം ആനന്ദഭരിതമായൊന്നാണെന്ന് ആളുകള്‍ വാഴ്ത്തുന്നതിനോട് എനിക്കു യോജിക്കുവാന്‍ വയ്യ. മുതിര്‍ന്നവര്‍ക്ക് അനുഭവിക്കേണ്ടിവരാത്ത അസ്വാതന്ത്ര്യങ്ങളും അപമാനങ്ങളും മൃദുഹൃദയരായ കുട്ടികള്‍ക്ക്, അവരെത്ര നല്ല ചുറ്റുപാടുകളില്‍ വളര്‍ന്നാലും, സഹിക്കേണ്ടതുണ്ട്. ദിനചര്യകള്‍ കൂടി അവരുടെ മേല്‍ കെട്ടിയേല്പിക്കപ്പെടുകയാണല്ലോ. അവരുടെ ആഗ്രഹങ്ങളാകട്ടെ മിക്കവാറും നിറവേറ്റാന്‍ സാധിക്കാത്തവയോ പാടില്ലാത്തവയോ ആയിരിക്കും. വിധിനിഷേധങ്ങളുടെ ഇരട്ടവരകള്‍ക്കുള്ളിലൂടെ എഴുതിത്തെളിയേണ്ടിയിരിക്കുന്നു അവരുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം. പില്‍ക്കാലത്ത് അദൃശ്യങ്ങളായിത്തീര്‍ന്നിട്ടും അതേ വരകളാണ് അവരുടെ വിരല്‍ത്തുമ്പുകളെ നയിക്കുന്നത്. ഇവയോടുള്ള എതിര്‍പ്പും കരച്ചിലും ബാല്യത്തെക്കുറിച്ചുള്ള എന്റെ സ്മരണകളില്‍ മുന്‍നില്ക്കുന്നു. അങ്ങിനെ കരഞ്ഞും എതിര്‍ത്തും നേടിയതെന്തും സന്തോഷത്തേക്കാള്‍ അപകര്‍ഷബോധത്തെ ഉളവാക്കുന്നു എന്നതാണ് ഞാനാദ്യമായി പഠിച്ച ജീവിതതത്ത്വം.
മാഞ്ഞുപോയ ഗ്രാമീണജീവിതം
ആനന്ദപ്രദങ്ങളായ സ്മരണകളും ഒട്ടേറെയുണ്ട്. ഇന്നത്തെ കൊച്ചുതലമുറയ്ക്ക് അനുഭവിക്കാനിടവരാത്ത ആ മാഞ്ഞുപോയ ഗ്രാമീണജീവിതത്തിന്റെ അംശങ്ങളാണവ. തിരുവാതിരക്കാലത്ത് അമ്പലച്ചിറയില്‍ കുളിച്ചു കേറി നില്ക്കുമ്പോള്‍ അകലെ മഞ്ഞിന്‍മൂടലിനു പിന്നില്‍നിന്ന് എത്തിനോക്കുന്ന ഉയര്‍ന്നുവരുന്ന വര്‍ണപ്പകിട്ടാര്‍ന്ന സൂര്യോദയങ്ങള്‍; ചന്ദ്രഗ്രഹണ വേളകളില്‍ സ്‌നാന ഘട്ടത്തിലേക്ക് കുടുംബാംഗങ്ങളെല്ലാം കൂടി നിറനിലാവിലൂടെ നടത്തിയ യാത്രകള്‍; വിഷുക്കണി കാണല്‍ കഴിഞ്ഞ് അനിയത്തിയോടൊപ്പം നേരം വെളുക്കുന്നതു നോക്കിക്കൊണ്ട് ഉമ്മറക്കോലായിലിരിക്കേ, പാമ്പില്‍കാവിന്റെ നിഗൂഢതകളില്‍ നിന്നു പൊട്ടിപ്പുറപ്പെടാറുള്ള കിളികളുടെ നാദകോലാഹലം; ആണ്ടുതോറും മാറ്റിക്കെട്ടാന്‍ വേണ്ടി ഓലപ്പുര അഴിച്ചുമാറ്റുന്ന ആ ഒരു ദിവസം സന്ധ്യയ്ക്ക് തെക്കിനിത്തിണ്ണമേലിരിക്കുമ്പോള്‍ മീതെ നന്നെ അടുത്തു നിരന്നു തെളിഞ്ഞുകാണുന്ന നക്ഷത്രമണ്ഡലം-ഇങ്ങിനെ പലതും.
എനിക്ക് സ്‌കൂളില്‍ പോകേണ്ടി വന്നിട്ടില്ല. ദിവസത്തില്‍ രണ്ടു മണിക്കൂര്‍ മാത്രമുണ്ടായിരുന്ന ട്യൂഷന്‍ ഒരലട്ടായിത്തോന്നിയതുമില്ല. സംസ്‌കൃതത്തിലെ ശുഷ്‌ക്കങ്ങളായ പ്രഥമപാഠങ്ങള്‍ കഴിഞ്ഞ് കാവ്യങ്ങളിലേക്ക് കടന്നപ്പോള്‍ പാടത്തെ ചുടുമണല്‍വരമ്പു പിന്നിട്ട് കുളിര്‍ത്ത നടക്കാവിലെത്തിയ മട്ടായി. ഏറെക്കാലം കഴിഞ്ഞ ശേഷം എന്റെ അന്നത്തെ ചില കൂട്ടുകാരികള്‍ തങ്ങള്‍ക്ക് സ്‌കൂള്‍വിദ്യാഭ്യാസം കിട്ടാതിരുന്നതില്‍ വ്യസനിക്കയുണ്ടായി. എനിക്ക് ഒരിക്കലും അങ്ങിനെ ഒരു പശ്ചാത്താപമുണ്ടായിട്ടില്ല. പ്രകൃതിയുടെ നിത്യവിചിത്രമായ സൗന്ദര്യത്തോടും മികച്ച പുസ്തകങ്ങളോടും ഇണങ്ങിച്ചേരാനും നിര്‍ബ്ബാധമായ ഭാവനാവിഹാരത്തിനും, സ്‌കൂളില്‍ പോകാതിരുന്നതുകൊണ്ട് എനിക്ക് വേണ്ടത്ര സമയം കിട്ടിയല്ലോ! എന്റെ കുട്ടികളിലൂടെയും പേരക്കിടാങ്ങളിലൂടെയും സ്‌കൂള്‍ജീവിതത്തിന്റെ കാര്‍ക്കശ്യം ഞാന്‍ പിന്നീട് പത്തിരട്ടിയായനുഭവിച്ചു. എത്ര വ്യസനത്തോടും ഭയത്തോടുംകൂടിയാണ് ഒരു കുട്ടി ആദ്യമായി പാഠശാലയില്‍ പോവുന്നത്! പഠനം എപ്പോഴും ക്ലേശകരം തന്നെ. എങ്കിലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു ജീവകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു. ഒടുവിലത്തെ പാഠാലയത്തിനു മുന്നിലും മനുഷ്യന്‍ നില്ക്കുന്നതു നടുങ്ങിക്കൊണ്ടു തന്നെ.
മരണസ്മരണകള്‍
മരണത്തെപ്പറ്റി എനിക്കുള്ള ആദ്യത്തെ ഓര്‍മ ഇതാണ്; എന്റെ കൊച്ചനിയത്തി, ഒന്നരവയസ്സായ ഒരു കുട്ടി, ആസന്നമരണയായി അകത്ത് കിടക്കുന്നു. അവിടെയാണ് മുതിര്‍ന്നവരെല്ലാം. ഏഴുവയസ്സുള്ള ഞാനും അനിയത്തിയും മാത്രം ഒരു ബന്ധുസ്ത്രീയുടെ കൂടെ കോലായിലിരിക്കുന്നു. അകത്തു നിന്നു തേങ്ങലുകളും വിലാപങ്ങളും ഇടയ്ക്ക് കേള്‍ക്കാം. കളിക്കാന്‍ മനസ്സു വരുന്നില്ല. കുട്ടിക്കെന്തു സംഭവിക്കുന്നു എന്നറിയാന്‍ വെമ്പലുണ്ട്. അതിന്റെ ഒച്ച കേള്‍ക്കാനുണ്ടോ? ആ കുട്ടി പോയെന്നും ഇനി ഒരിക്കലും കാണില്ലെന്നും പിന്നീട് ഞങ്ങള്‍ക്കു മനസ്സിലായി. ആരെങ്കിലും പറഞ്ഞുതന്നുവോ എന്നോര്‍ക്കുന്നില്ല. ആ പേര്‍ തന്നെ വലിയവര്‍ക്കു മുന്‍പില്‍ വെച്ചോ തമ്മില്‍ തമ്മിലോ പറയാന്‍ ഞങ്ങള്‍ ധൈര്യപ്പെട്ടില്ല. മരണത്തെക്കുറിച്ച് കുട്ടികളും മുതിര്‍ന്നവരും തമ്മില്‍-രണ്ടു കൂട്ടര്‍ക്കും അതിനെപ്പറ്റി പൂര്‍ണബോധമുണ്ടെങ്കിലും-ഒന്നും സംസാരിക്ക പതിവില്ല.
രാത്രി ദുസ്സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍ എടുത്തു കൊണ്ടുപോയി ആശ്വാസവാക്കുകള്‍ പറയുന്നതാണ് എനിക്കച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ മുന്‍നില്ക്കുന്നത്. പുരാണകഥകളിലെ രാക്ഷസരും ദിവ്യനാഗങ്ങളും എമ്പാടും വന്നു തിമര്‍ക്കാറുണ്ട് എന്റെ സ്വപ്നങ്ങളില്‍. അത്തരം ഭീകരസത്വങ്ങളില്ലെന്നും, അവയുടെ സങ്കേതങ്ങളെന്ന് ആളുകള്‍ കരുതിപ്പോരുന്ന സ്ഥലങ്ങളില്‍ പാതിരയ്ക്കുപോലും സഞ്ചരിച്ചിട്ടുള്ള താന്‍ ഒന്നിനെപ്പോലും കണ്ടിട്ടില്ലെന്നും അച്ഛന്‍ തീര്‍ത്തുപറയുമ്പോള്‍ എനിക്കാശ്വാസം കിട്ടും. എങ്കിലും അടുത്ത രാത്രിയില്‍ വീണ്ടും ഞാനാ സത്വങ്ങളെ സ്വപ്നം കാണുകയായി! കുട്ടികളുടെ ഏതു ചോദ്യത്തിനും ശരിക്കുത്തരം കൊടുക്കണമെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു അച്ഛന്. അദ്ദേഹം എല്ലായ്‌പോഴും വീട്ടിലുണ്ടാവാറില്ല. വരുമ്പോഴേക്ക് വിചിത്രങ്ങളായ പല സംശയങ്ങളും ഞങ്ങള്‍ കരുതിവെക്കും.
പതിനഞ്ചാം വയസ്സില്‍ എനിക്ക് പിറവി തന്ന അമ്മയ്ക്ക്, പ്രായം ചെന്ന വലിയമ്മമാരുള്ള ആ തറവാട്ടില്‍, കുട്ടികളുടെ ചുമതലയേല്‌ക്കേണ്ടി വന്നില്ല. ചിലപ്പോള്‍ ദേവന്മാരുടേയും ദേവിമാരുടേയും ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ച് അവര്‍ ഞങ്ങള്‍ക്ക് തരാറുണ്ട്. മഞ്ഞള്‍പ്പൊടി, അതും ചുണ്ണാമ്പും കലര്‍ത്തത്, പച്ചിലനീര്‍, കണ്ണിലെഴുതുന്ന മഷി ഇവയായിരുന്നു അതിനുപയോഗിക്കാറുള്ള ചായങ്ങള്‍. ഒട്ടു മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ അമ്മയൊരുമിച്ചു പുസ്തകങ്ങള്‍ വായിക്കാനും അവയെപ്പറ്റി ചര്‍ച്ച ചെയ്യാനും തുടങ്ങി.
അമ്മാമന്‍
അനലങ്കൃതമായ ഉമ്മറത്ത് പുസ്തകങ്ങള്‍ നിറഞ്ഞ മേശയ്ക്കരികെ ഇരുന്നുകൊണ്ട് അമ്മാമന്‍ പകല്‍ മുഴുവന്‍ എഴുതുകയാണ്. അദ്ദേഹം നടക്കുമ്പോള്‍ മനോഹരങ്ങളായ പദ്യശകലങ്ങള്‍ കൂടക്കൂടെ ചൊല്ലുന്നതു കേള്‍ക്കാം. അദ്ദേഹത്തിന്റേതായിരുന്നു എന്റെ ദൃഷ്ടിയില്‍ ആദര്‍ശജീവിതം. അമ്മാമനെപ്പോലാവാമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. സ്ത്രീകള്‍ അകത്തുവെച്ചു പുസ്തകങ്ങള്‍ വായിക്കയല്ലാതെ ഉമ്മറത്തിരുന്ന് എഴുതുക പതിവില്ലല്ലോ.
ഈ 'പതിവില്ലായ്മ' കേവലം യാഥാസ്ഥിതികത്വത്തില്‍നിന്നുണ്ടായതാണോ? ആവണമെന്നില്ല. കൃത്യബോധമുള്ള ഒരു ഗൃഹിണിക്ക് സാഹിത്യ പ്രവര്‍ത്തനം സുദുര്‍ല്ലഭമായൊരു സുഖഭോഗം തന്നെ. ഒഴിച്ചുകൂടാത്ത ഗൃഹജോലികളാല്‍ തിങ്ങിവിങ്ങുകയാണവളുടെ നിമിഷങ്ങള്‍. എത്രതന്നെ മനസ്സിരുത്തിയാലാണ് ഒരു സ്ത്രീക്ക് സ്വകുടുംബത്തിന്റെ മുഴുവന്‍ ദിനചര്യകളേയും സുഖസൗകര്യങ്ങളേയും പിടിച്ചുലയ്ക്കാതെ, ഈ 'ഹോബി' പുലര്‍ത്തിക്കൊണ്ടുപോരാനൊക്കുക? സമയത്തിനായ്‌ക്കൊണ്ടുള്ള തീവ്രദാഹം ഒരെഴുത്തുകാരിക്കെന്നപോലെ മറ്റാര്‍ക്കുമറിയാന്‍ വയ്യ എന്ന് തോന്നുന്നു. എന്റെ സ്‌നേഹിത, പേരുകേട്ട ഒരു ഗ്രന്ഥകര്‍ത്ത്രി, പറയുകയുണ്ടായി, താന്‍ ഒരൊറ്റ വരിയും പകല്‍സ്സമയത്തെഴുതീട്ടില്ലെന്ന്.
യൗവനോദയം വ്യക്തിയുടേതെന്നപോലെ പ്രപഞ്ചത്തിന്റേയും വസന്തോത്സവമത്രെ. ഭൂമി അഭൂതപൂര്‍വമായ ലാവണ്യം കൈക്കൊള്ളുന്നു. മനസ്സില്‍ ഉജ്ജ്വലസങ്കല്പങ്ങള്‍ വിടരുന്നു. ദുഃഖത്തിനും മാര്‍ദ്ദവവും ആകര്‍ഷകത്വവുമുണ്ടെന്ന് അപ്പോഴാണ് മനുഷ്യന്‍ അറിയുന്നത്. ഇക്കാലത്ത്, മുഖ്യമായും ടാഗോര്‍ ഗീതങ്ങള്‍ വായിക്കാന്‍ വേണ്ടി, ഞാന്‍ ഇംഗ്ലീഷ് പഠിച്ചു. ജീവിതത്തില്‍ ഏറ്റവുമധികം സമയം പുസ്തകപാരായണത്തിനായി ഉപയോഗിച്ചിട്ടുള്ളതന്നാണ്. ഞാന്‍ വില മതിക്കുന്നവയും എന്നില്‍ ഇന്നും സ്വാധീനശക്തി പുലര്‍ത്തുന്നവയുമായ പല വിശിഷ്ടകൃതികളും അന്നാണ് വായിച്ചത്. ഇടയ്ക്ക് ചില കവിതകള്‍ എഴുതുകയും ചെയ്തിരുന്നു.
വിവാഹനിശ്ചയത്തിനു ശേഷം ഞാന്‍ നിത്യപാരായണത്തിന് ഉപയോഗിക്കാറുള്ള ഗീത പകുത്തുനോക്കി: ഈ വരിയാണ് കണ്ടത്, 'ജ്ഞാനസംഗേനചാളനഘ!'
ആദ്യത്തെ തീവണ്ടിയാത്ര
ഞങ്ങള്‍ കല്‍ക്കത്തയ്ക്കു പോയി. എന്റെ ആദ്യത്തെ തീവണ്ടിയാത്രയായിരുന്നു. ഓരോ സ്റ്റേഷനിലേയും വെളിച്ചവും ആള്‍ത്തിരക്കും എനിക്ക് കൗതുകാവഹമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഗ്രാമത്തില്‍ താവളമടിച്ചു കൂടിയ ഒരു തമിഴ്‌നാടകക്കമ്പനിയേയും അവരുടെ നാടകരംഗങ്ങളേയുമാണ് അവര്‍ ഓര്‍മിപ്പിച്ചത്. മണിമേടകള്‍, വിദ്യുദ്ദീപങ്ങള്‍, പങ്കകള്‍! പ്രകൃതിദൃശ്യങ്ങള്‍ക്കെന്നപോലെ മനുഷ്യന്റെ പണിത്തരങ്ങള്‍ക്കുമുണ്ട് സൗന്ദര്യം. ഒന്നു നിവൃത്തിമാര്‍ഗത്തിലേക്ക് ചൂണ്ടിക്കാട്ടുന്നു; മറ്റേത് പ്രവൃത്തിമണ്ഡലത്തിലേക്ക് പിടിച്ചിറക്കുന്നു.
കല്‍ക്കത്തയില്‍ താമസമുറപ്പിച്ച ശേഷമാണ് ആദ്യമായി എന്റെ ഒരു കവിത - ഏതു പത്രത്തിലെന്ന് ഓര്‍ക്കുന്നില്ല - പ്രസിദ്ധീകരിച്ചത്. ഭര്‍ത്താവ് എന്റെ സാഹിത്യപരിശ്രമങ്ങളെ ഒട്ടേറെ പ്രോത്സാഹിപ്പിച്ചു. വായനയിലെന്നപോലെ ആസക്തി എനിക്കന്നു കവിതാരചനയിലുണ്ടായിരുന്നില്ല. ഒരിക്കല്‍ കാലെടുത്തുവെച്ചിട്ടുള്ളവരാരും തിരിച്ചുപോരാനിഷ്ടപ്പെടാറില്ല സാഹിത്യത്തിന്റെ വഴിയില്‍. എന്നാല്‍ അതിലിറങ്ങുവാന്‍ എനിക്ക് ആ സ്‌നേഹപൂര്‍വമായ പ്രോത്സാഹനം ഒഴിച്ചുകൂടാത്തതായിരുന്നു. കാവ്യനിര്‍മാണത്തെക്കുറിച്ച് വിലയേറിയ ഉപദേശങ്ങള്‍ നല്‍കി അമ്മാമനും മഹാകവി വള്ളത്തോളും എന്നെ സഹായിച്ചു.
പ്രഥമപുത്രന്റെ ജനനം എന്റെ ജീവിതത്തില്‍ മുഖ്യമായൊരു വഴിത്തിരിവായിരുന്നു. ആശ്ചര്യകരമായൊരു ധന്യത ഹൃദയം കവിഞ്ഞൊഴുകി. കവിതാരചന വിനോദമെന്ന നില വിട്ട് ഒരു സന്തോഷമായി വളര്‍ന്നു. അത്രതന്നെ സന്തോഷത്തോടെ ഓരോ ഗൃഹകൃത്യങ്ങളിലും ഞാന്‍ മുഴുകി. 'അമ്മ'യ്ക്കു ശേഷം 'കുടുംബിനി' പ്രസിദ്ധീകരിക്കപ്പെട്ടത് ഒരു യദൃച്ഛാസംഭവമല്ല. അമ്മയായതിനു ശേഷമാണ് എന്നില്‍ കുടുംബിനീത്വം ഉണര്‍ന്നത്.
കല്‍ക്കത്തയില്‍
ഞങ്ങളുടെ നീണ്ടുനിന്ന നഗരജീവിതത്തിനിടയില്‍ ഇന്ത്യ മഹാസംഭവങ്ങളിലൂടെ കടന്നുപോയി. രണ്ടാം മഹായുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ കല്‍ക്കത്തയില്‍ ബോംബാക്രമണമുണ്ടായപ്പോള്‍, സൈറണ്‍ മുഴങ്ങിക്കൊണ്ടിരിക്കെ, നിലംപറ്റിക്കിടന്നതും, വര്‍ഗ്ഗീയലഹള നടന്ന കാലത്ത് ആക്രമണവിധേയമാകാവുന്ന ചുറ്റുപാടുകള്‍ വിട്ട് മറ്റൊരിടത്തേക്ക് ശവങ്ങള്‍ ചിന്നിക്കിടക്കുന്ന തെരുവിലൂടെ കാറില്‍പോയതും മറക്കാനാവാത്ത അനുഭവങ്ങളാണ്. ഞങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ മഹോത്സവം കൊണ്ടാടിയതും കല്‍ക്കത്തയില്‍വെച്ചു തന്നെ.
വ്യക്തിപരവും സുമധുരവുമായൊരു സ്മരണയാണ് മദാം സോഫിയാവാഡിയയുടെ കല്ക്കത്താ സന്ദര്‍ശനം; അവരുമായി അന്നെനിക്കുണ്ടായ അടുത്ത പരിചയവും. മുന്‍പൊരിക്കല്‍ ബോംബെയില്‍ വെച്ചു കണ്ടപ്പോള്‍ തന്നെ എനിക്കവരോടു തോന്നിയ സ്‌നേഹാദരങ്ങള്‍ ഈ മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ തികഞ്ഞ ആരാധനാഭാവമായിത്തീര്‍ന്നു. ഇളംകുങ്കുമനിറത്തിലുള്ള സാരിയും കൈത്തണ്ടില്‍ വളകളും നെറ്റിമേല്‍ തിലകവുമായി തനി ഭാരതീയവേഷത്തില്‍ സുപ്രസന്നമായ മുഖഭാവത്തോടെ എന്റെ അടുത്തു നിന്ന ആ തേജസ്വിനിയെ ഇന്നും മനസാ കാണുന്നു. അക്കാലത്ത് അവരെക്കുറിച്ച് 'ജ്ഞാനദേവത'' എന്നൊരു കവിത ഞാനെഴുതുകയുണ്ടായി.
പലപ്പോഴും ഞങ്ങള്‍ നാട്ടില്‍ വരാറുണ്ട്. അവിടെ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. തോണിക്കു പകരം ഞങ്ങളെ അങ്ങോട്ടെത്തിക്കാനുള്ള വാഹനം കാറായി. പാടങ്ങളിലൂടെയും തൊടികളിലൂടെയും കുന്നുകളിലൂടെയും പരുക്കന്‍ പാതകള്‍ വളഞ്ഞു പുളഞ്ഞു നീണ്ടു. പുതിയ പുതിയ നാഗരികസാമഗ്രികള്‍ പാതയ്ക്കിരുവശവുമുള്ള കടകളില്‍ കണ്ടുതുടങ്ങി. സുപരിചിതമായിരുന്ന ആ ചിറയ്ക്കും ആല്‍മരത്തിനും വാര്‍ദ്ധക്യം കുടിക്കൂടി വന്നു. മറിച്ച് കെട്ടിടങ്ങള്‍ക്കും വഴികള്‍ക്കും താരുണ്യത്തഴപ്പേറുകയാണ്. ചുറ്റിത്തിരിഞ്ഞുപോകുന്ന ടാറിടാത്ത റോട്ടിലൂടെ വയലുകള്‍ പിന്നിട്ട ജന്മദേശത്തേക്കടുക്കുമ്പോള്‍, എന്നെപ്പോലെതന്നെ ആ ഗ്രാമത്തില്‍ നിന്നു വിവാഹം കഴിഞ്ഞ് നഗരങ്ങളിലേയക്കു പോയ, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത, ചില യുവതികളെപ്പറ്റി ഞാനോര്‍ക്കും. അവരും ഈ വഴിയിലൂടെ പലതവണ ഇന്നാട്ടിലേക്കു വന്നിട്ടുണ്ട്. തിരിച്ചുപോയിട്ടുണ്ട്. കാറിലിരുന്ന്, പൊടി പാറുന്ന പാതയിലൂടെ വീടോടടുക്കുമ്പോള്‍ എനിക്കുണ്ടാകാറുള്ള വികാരങ്ങളും ദുഃഖത്തില്‍ക്കുതിര്‍ന്ന സ്മരണകളും അവരുമനുഭവിച്ചിരിക്കണം. അവരുടെ ആ പോക്കുവരവുകള്‍ എന്നെന്നേക്കുമായവസാനിച്ചുകഴിഞ്ഞു. ആ യുവതികള്‍ എന്റെ അടുത്ത സ്‌നേഹിതമാരായിരുന്നില്ല. എങ്കിലും ആ വഴിയിലൂടെ പോകുമ്പോഴും വരുമ്പോഴും ഒരു നേരിയ വേദനയോടെ ഞാനവരെക്കുറിച്ചോര്‍ക്കാറുണ്ട്.
കുട്ടികളെ വളര്‍ത്തേണ്ടതിനെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ പലതും ഞാന്‍ വായിച്ചു. എങ്കിലും ഒരു നിശ്ചിതപരിപാടിയുണ്ടാക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. ലാളനത്തിനും ശിക്ഷണത്തിനുമുണ്ട് അതിന്റെ ദോഷങ്ങളും ഗുണങ്ങളും.
ജീവിതമെന്ന അനുഗ്രഹം
ഒരിക്കല്‍ രോഗബാധിതയായ എനിക്ക് ദിവസങ്ങള്‍ക്കുശേഷമാണ് ബോധം വീണ്ടുകിട്ടിയത്. എന്നിട്ടും കാലദേശങ്ങള്‍ എന്റെ പ്രജ്ഞയ്ക്കു മുന്നില്‍ തകര്‍ന്നു കിടന്നു, ഒട്ടുനാളോളം. ഭാഗ്യവശാല്‍ എന്റെ ഉപാസനാമൂര്‍ത്തിയുടെ സ്മരണ മനസ്സില്‍ തെളിഞ്ഞു നിന്നു. പീഡാനുഭവങ്ങളുടെ സമയത്ത് ശ്രദ്ധ അവിടെ കേന്ദ്രീകരിക്കാനും എനിക്കു സാധിച്ചിരുന്നു. അത് അരിഷ്ടാനുഭവങ്ങളെ വളരെയധികം ലഘൂകരിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പൂര്‍ണബോധം വന്നപ്പോള്‍ ഞാന്‍ കണ്ട പ്രപഞ്ചം മുന്‍പത്തേതിലും സുന്ദരമായിരുന്നു. കുറച്ചുകാലം കൂടി എനിക്കിവിടെ ജീവിക്കാന്‍ അനുമതി കിട്ടിയിരിക്കുന്നു! എന്തൊരു മഹാനുഗ്രഹമാണ് ജീവിതം! ഭര്‍ത്തൃപുത്രാദികളോടും സുഹൃത്തുക്കളോടും ഇത്രയേറെ സ്‌നേഹം മുന്‍പൊരിക്കലും തോന്നീട്ടില്ല.
രോഗബാധകളെ ശരീരത്തിന്റെ വിശ്രമവേളകളായിട്ടാണ് ഞാനിന്നും കരുതുന്നത്. ഒന്നോ രണ്ടോ പ്രിയപ്പെട്ട പുസ്തകങ്ങളെടുത്തുവെച്ച് നിത്യകൃത്യങ്ങളെല്ലാം, മറന്ന് (ഓര്‍മിച്ചിട്ട് പ്രയോജനമില്ലല്ലോ) ജനലുകള്‍ മലര്‍ക്കെ തുറന്നിട്ടു കൊണ്ട് അങ്ങിനെ കിടക്കുന്നത് ഒരു കായകല്പം തന്നെ. പ്രകൃതി നമ്മെ ചികിത്സിക്കുന്നതിങ്ങിനെയാണ്. ശരീരം തളര്‍ന്ന് വിശ്രമിക്കേ, പലപ്പോഴും ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. തരിശായുള്ള സമയം വേണ്ടുവോളം മുന്നിലുണ്ടെന്ന ബോധം തന്നെ കാവ്യനിര്‍മാണത്തെ സഹായിക്കുന്നു.
ഏറെക്കാലമായി ഞങ്ങളാ മഹാനഗരം വിട്ടുപോന്നിട്ട്. കുട്ടികള്‍ വളര്‍ന്നുവന്നു. സ്‌കൂളുകളില്‍നിന്ന് കോളേജുകളിലേയ്ക്കും കര്‍മവീഥികളിലേക്കും കല്യാണവേദിയിലേക്കും അവര്‍ നീങ്ങി. പ്രിയപ്പെട്ട ഗുരുജനങ്ങള്‍ ഓരോരുത്തരായി മരിച്ചുപോയി. അവരുടെ മധുരസ്മരണകളേയും അവര്‍ക്കിഷ്ടപ്പെട്ട വസ്തുക്കളേയും പുസ്തകങ്ങളേയും പേറിക്കൊണ്ട്, തലമുറകളെ പുലര്‍ത്തി തളര്‍ന്നുപോയ ആ വീട് നിലക്കൊള്ളുകയാണ്. ഇരട്ടക്കുട്ടികളെപ്പോലെ അവിടെ വളര്‍ന്ന ഞാനും അനിയത്തിയും വല്ലപ്പോഴുമൊക്കെ ഒത്തുചേരുമ്പോള്‍ അതിനെ നോക്കി ഞങ്ങളൊന്നു നെടുവീര്‍പ്പിടും. അപ്പോള്‍, അങ്ങിനെ ഉപയോഗശൂന്യങ്ങളായി അസ്ഥികൂടങ്ങളെപ്പോലെ ആ ഗ്രാമത്തില്‍ കാണാവുന്ന മറ്റു വീടുകളെക്കുറിച്ചും ഓര്‍ത്തുപോകുന്നു. അവയുടെ ഐശ്വര്യവും ചൈതന്യവും പ്രതിഭയും നഗരങ്ങളിലേക്കൊഴുകിക്കഴിഞ്ഞു.
എളുപ്പത്തില്‍ ക്ഷോഭിയ്ക്കുകയും വ്യസനിയ്ക്കയും ചെയ്യുന്ന സ്വഭാവം ജീവിതത്തിലൂടെയുള്ള ഈ യാത്രയെ പലപ്പോഴും എനിയ്ക്കു ദുസ്സഹമാക്കിയിരുന്നു. ഈ സഹജദൗര്‍ബല്യത്തില്‍നിന്നു മോചനം നേടാന്‍ പുസ്തകങ്ങളാണ് എന്നെ ഏറ്റവുമധികം സഹായിച്ചത്. ഇന്ന് മുന്‍പില്ലാതിരുന്ന ഒരക്ഷുബ്ധത എനിയ്ക്കു കൈവന്നിട്ടുണ്ട്. വെളിച്ചം വീശിവരുന്ന ദിവസങ്ങള്‍ പതുക്കെപ്പതുക്കെ മനുഷ്യനിലെ വിഷാദാത്മകതയെ വറ്റിക്കുകയാണല്ലോ.
ജീവിതം - എന്റെ നോട്ടത്തില്‍
ജീവിതം എന്റെ നോട്ടത്തില്‍ എന്ന വിഷയത്തെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതത്തെ ഒട്ടാകെ ഒന്നു നോക്കിക്കാണാന്‍ ഞാനിതേവരെ മിനക്കെട്ടിട്ടില്ലെന്ന് ഓര്‍മവരുന്നത്. ഇപ്പോളങ്ങനെ നോക്കുമ്പോള്‍ കാണുന്നതെന്താണ്? വര്‍ണചിത്രാവലിപോലുള്ള ഒരു നീണ്ട സംഭവപരമ്പരയും അതിലോരോന്നും ഹൃദയത്തിലുളവാക്കുന്ന വിവിധ പ്രതിചലനങ്ങളും. ഈ ഇരട്ടപ്പിരിച്ചരടിനെ രൂപീകരിക്കുന്നതില്‍ എന്റെ ഇച്ഛാശക്തിക്ക് എത്രമാത്രം പങ്കുണ്ട്? നന്നെ കുറച്ചുമാത്രം. മുന്‍പിറവികളിലെ സംസ്‌കാരത്താല്‍ കൈവന്നവയോ സ്വന്തം പരിസരങ്ങളില്‍നിന്നുള്‍കൊണ്ടവയോ ആയി കുട്ടിക്കാലത്തുണ്ടായിരുന്ന വാസനകള്‍ക്കും ആശയഗതികള്‍ക്കും കൂടുതല്‍ വളര്‍ച്ചയും മിഴിവും നല്‍കാനേ പിന്നീട് വിദ്യാഭ്യാസം കൊണ്ടോ ലോകപരിചയംകൊണ്ടോ നേടിയ എല്ലാ കഴിവുകളും ഉതകീട്ടുള്ളു എന്ന്, ചുഴിഞ്ഞാലോചിക്കുമ്പോള്‍ തോന്നുന്നു. ഇന്നായിരുന്നെങ്കില്‍ അവിടെ എന്റെ തീരുമാനവും പ്രവൃത്തിയും മറ്റൊന്നായേനെ എന്ന്, ഈ ജീവദശയിലെ കഴിഞ്ഞുപോയ ഏതൊരു ഘട്ടത്തെക്കുറിച്ചും എനിക്ക് പറയാനില്ല. അതിനാല്‍ ആ സ്വാഭാവികവാസനകള്‍ തന്നെ എനിക്കായി തിരഞ്ഞെടുത്ത വഴിയെപ്പറ്റി ചിന്തിക്കാം.
പച്ചനിറത്തില്‍ സ്വര്‍ണരേഖാങ്കിതമായൊരു പളുങ്കിന്‍കുപ്പിക്കുവേണ്ടി ഒരു ചെറുകുട്ടി വാശിപിടിച്ചു കരയുകയാണ്. അത് കുട്ടിക്ക് കൊടുക്കാതിരിക്കാന്‍ അമ്മയ്ക്കും മറ്റു ബന്ധുജനങ്ങള്‍ക്കും ഒന്നാംതരം കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ ദുര്‍വാശി നിര്‍ത്താന്‍ അവര്‍ പലവുരു സ്‌നേഹപൂര്‍വം പ്രേരിപ്പിച്ചുനോക്കി; ഫലമില്ല. ശകാരമായി. കരഞ്ഞു കരഞ്ഞു തളര്‍ന്ന കുട്ടിക്ക് തന്റെ ഞരമ്പുകള്‍ വലിച്ചു കെട്ടിയതുപോലെ തോന്നി. കണ്ണുകള്‍ വെള്ളം വറ്റിപ്പുകഞ്ഞു. തൊണ്ട വരണ്ടു. ഒടുവില്‍ ആരോ ആ കുപ്പികൊണ്ടുവന്നു മുറുമുറുപ്പോടെ കുട്ടിയുടെ കയ്യില്‍ കൊടുത്തു. കരച്ചില്‍ ഉടനെ നിന്നു. എങ്കിലും വിജയഗര്‍വമല്ല. താനപമാനിക്കപ്പെട്ടപോലൊരു പ്രതീതിയാണ് ആ ഇളം മനസ്സില്‍ ഉണ്ടായത്. അന്നൊരു പെട്ടിയില്‍കൊണ്ടിട്ട ആ സാധനം പിന്നീടൊന്നു എടുത്തുനോക്കണമെന്ന് ആ കുട്ടിക്ക് തോന്നിയില്ല.
ഇത്തരം സംഭവങ്ങള്‍ ബാല്യകാലം കഴിഞ്ഞിട്ടും, പല തവണ ആവര്‍ത്തിക്കേണ്ടിവന്നു ആ കുട്ടിക്ക് - എനിക്ക് - ഏതുവിധമെങ്കിലും ആ ദുരിതാനുഭവങ്ങളില്‍നിന്നു മോചനം നേടണമെന്നു തോന്നിത്തുടങ്ങാന്‍. പിന്നേയും കുറെക്കാലം കഴിഞ്ഞു. ദുര്‍വാശിയെന്നു പറയപ്പെടുന്നത് പലരും വിചാരിക്കുന്നതുപോലെ ഒരു സമരഃമനസ്ഥിതിയുടേതല്ല, പൊരുതേണ്ടിവരുന്നതിലുള്ള കഠിനവേദനയുടെ അടയാളമാണെന്നും അങ്ങനെ ഞാന്‍ വെറുക്കുന്ന ഒരു കൃത്യം ചെയ്തു നേടിയ ഏതൊന്നും സന്തോഷജനകമാവില്ലെന്നും എനിക്കു മനസ്സിലാവാന്‍, അതോടുകൂടി ജീവിതത്തില്‍ എനിക്കുതകുന്ന വഴിയേതെന്നു വ്യക്തമായി.
ചെറുത്തുനില്പ് - ഒഴുക്ക് മുറിച്ചു നീന്തുന്നപോലെയുള്ള ഒരനുഭവം-എപ്പോഴും എന്നെ വിഷാദാത്മകത്വത്തിലേക്ക് ഉന്തിയിട്ടിരുന്നു. ക്ഷീണിപ്പിച്ചിരുന്നു. അത്തരം സന്ദര്‍ഭങ്ങളെത്തുടര്‍ന്ന് ഈ നല്ല ലോകത്തില്‍ മനുഷ്യനു മറ്റു വ്യക്തികളോടായിട്ടും പരിതഃസ്ഥിതികളോടായിട്ടും മല്ലടിച്ചും വ്യസനിച്ചും നാണിച്ചും നാള്‍ കഴിക്കേണ്ടിവരുന്നതെന്തിന്? മഹായുദ്ധങ്ങളുള്‍പ്പെടെ നമ്മുടെ യാതനകളില്‍ ഒട്ടുമുക്കാലും കേവലം വിട്ടുവീഴ്ചയില്ലായ്മയില്‍നിന്നുളവാകുന്നതല്ലെ? അതു കൂടാതെ കഴിക്കാമെങ്കില്‍ ജീവിതാനുഭൂതികളുടെ മാധുര്യം എത്രയേറെ വര്‍ദ്ധിക്കുമായിരുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എന്നെ അലട്ടുകയായി. സന്തോഷത്തോടെ വിട്ടുവീഴ്ച ചെയ്യാനുള്ള മനോഭാവത്തെ ആവുന്നത്ര വളര്‍ത്തിക്കൊണ്ടുവരലാണ് ഒരു വ്യക്തിക്ക് ലോകത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ എന്ന വിശ്വാസത്തിലാണ്. പതുക്കെപ്പതുക്കെ ഈ ചിന്തകള്‍ എന്നെ കൊണ്ടുവിട്ടത്. മനുഷ്യവര്‍ഗ്ഗം അതിന്റെ വികാരാത്മകസ്വഭാവത്തെ അതിക്രമിക്കുന്ന കാലംവരെ - (അങ്ങിനെ ഒന്നുണ്ടാവുകയാണെങ്കില്‍) - ജീവിതത്തെ സന്തുഷ്ടവും സമ്പൂര്‍ണവുമാക്കാന്‍ ഇതൊന്നിനേ സാധിക്കൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.
പലപ്പോഴും സമരം ചെയ്യാന്‍ വേണ്ടുന്നതിലധികം ധൈര്യവും ജാഗ്രതയും വേണം ആയുധം വെക്കാനും പിന്നീട് ഇടയ്‌ക്കൊന്നതു കടന്നെടുക്കാതെ കഴിക്കാനും. പൊരുതിനേടിയവ സുഖം നല്‍കുന്നതല്ലെന്നു പൂര്‍ണവിശ്വാസമുണ്ടാവാന്‍ വളരെക്കാലം വേണ്ടിവരുന്നതുകൊണ്ടാണത്. പക്ഷേ ജീവിതത്തെ ഒരു മത്സരമായിട്ടല്ല ഒരുത്സവമായിട്ടു കാണണമെന്നുണ്ടെങ്കില്‍ അങ്ങിനെ ചെയ്ക തന്നെ വേണം. ചെറിയ ചെറിയ അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും അണക്കെട്ടുകള്‍ മുറിച്ചിടണം, സ്വാഭാവികമായ ജീവിതാനന്ദത്തിന്നു മനസ്സില്‍ തള്ളിക്കേറാന്‍. പ്രവൃത്തിക്കായുള്ള പ്രചോദനത്തെ ഈ നിലപാട് ക്ഷയിപ്പിക്കുന്നില്ല. പുഷ്ടിപ്പെടുത്തുന്നുണ്ടുതാനും. ദൈനംദിനചര്യകളെ നിയന്ത്രിക്കുന്ന വികാരങ്ങള്‍ സ്‌നേഹവും സന്തോഷവുമാണെന്നു വന്നാല്‍ മനുഷ്യനു പ്രവൃത്തി ഒരു കടമയല്ല. ജീവചൈതന്യത്തിന്റെ അനിവാര്യമായൊരു ബഹിസ്ഫുരണമത്രെ. ആ നിലക്കത് മറ്റുള്ളവരെ സ്പര്‍ശിക്കുന്നതും ഒട്ടും അസുഖപ്രദമായ മട്ടിലാവില്ല. അങ്ങനെ ഏതൊരു പ്രവര്‍ത്തനപരിധിക്കും - അതു വലുതായാലും ശരി ചെറുതായാലും ശരി-പുതുതായൊരഴകും പൂര്‍ണതയും കൈവരുന്നു. അപ്പോള്‍ നിസ്സാരങ്ങളായ അസൗകര്യങ്ങള്‍ക്ക് ഒരാളെ അലട്ടാന്‍ കഴിയാതാവും. എന്നിട്ടും ഒഴിച്ചുകൂടാത്ത ചില ക്ലേശങ്ങള്‍ കായികമായും മാനസികമായും ജീവിതത്തിലുണ്ടാവാം. അവയെത്താങ്ങാനും വികാസംവന്ന ഒരു ഹൃദയത്തിനു കരുത്തുകൂടും.
അസ്വാസ്ഥ്യത്തിന്റെയും അതൃപ്തിയുടെയും യുഗമാണിതെന്ന ഒരാക്ഷേപമുണ്ട്. എന്തിനങ്ങനെയാവണം? വിജ്ഞാനം ജനിച്ചു വളര്‍ന്നു; പരന്നു. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. പല തുറകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചു. ഇതുകൊണ്ടൊക്കെ അസ്വാസ്ഥ്യമുണ്ടാവണമൊ? ഒട്ടകപ്പുറത്തേറിയവനെക്കാള്‍ വിമാനത്തില്‍ സഞ്ചരിക്കുന്ന ആള്‍ അതൃപ്തനാവണമെന്നുണ്ടോ?
പ്രപഞ്ചത്തെ സമഗ്രമായി കണ്ടറിയാനും സ്‌നേഹിക്കാനും - അറിയല്‍ സ്‌നേഹത്തിന്റെ ഒരു പര്യായമല്ലെ? - അങ്ങനെ സംതൃപ്തികൊള്ളാനും ഏറ്റവും സൗകര്യംതന്ന ഒരു കാലഘട്ടത്തിന്റെ നടുവില്‍നിന്നുകൊണ്ട്, യുഗനിര്‍മാതാവായ മനുഷ്യന്‍ മുറവിളി കൂട്ടുകയാണ് ഇതു അസ്വാസ്ഥ്യത്തിന്റെ യുഗമാണെന്ന്. വേണ്ടതിലേറെ വളര്‍ത്തപ്പെട്ട വിമര്‍ശനബുദ്ധിയാണിന്നു നമ്മുടെ ശാപം-വാതിലുകള്‍ തുറന്നിടാന്‍ പഠിക്കാത്തവര്‍ ഇരുട്ടിനേയും വീര്‍പ്പുമുട്ടലിനേയും കുറിച്ചാവലാതിപ്പെടേണ്ടിവരുന്നു. സൗഹാര്‍ദ്ദത്തിലും സഹാനുഭൂതിയിലും അടിയുറച്ചതും അത്യാവശ്യങ്ങളായ ജീവിത സൗകര്യങ്ങള്‍ ഏവര്‍ക്കും ലഭിക്കാവുന്നതുമായ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കാന്‍, കിണഞ്ഞു ശ്രമിച്ചാല്‍, മനുഷ്യനു സാധിക്കും. എന്നാല്‍ അതിനടിക്കല്ലിടേണ്ടത് വ്യക്തികളുടെ ഹൃദയങ്ങളിലാണ്; നിയമശാസനകളിലല്ല. ഓരോരുത്തരും സ്വന്തം പരിധിക്കുള്ളില്‍ അത്തരം പരിതഃസ്ഥിതികളെ പുലര്‍ത്തിക്കൊണ്ടുവരണം.
പട്ടിണിയേയും രോഗങ്ങളേയും ഭൂമുഖത്തുനിന്നു തുടച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കെത്തന്നെ അവ പോയതു കൊണ്ടുമാത്രം ആളുകള്‍ക്ക് സുഖമാവുമെന്ന വ്യാമോഹത്തേയും നാം അകറ്റേണ്ടിയിരിക്കുന്നു. മനുഷ്യന്റെ നിലക്കാത്ത അന്തര്‍ദ്ദാഹം ഏതൊന്നിനുവേണ്ടിയാണോ ആ സുഖം ഒരു കൂട്ടം സൗകര്യങ്ങളുടെ പര്യായമല്ല, പ്രപഞ്ചത്തോട്, അസംഖ്യം വ്യക്തിജീവിതങ്ങളുള്‍ക്കൊള്ളുന്ന ആ മഹത്ത്വത്തോട് ഇണങ്ങിച്ചേര്‍ന്നൊരുദാരമനസ്സിന്റെ നിലപാടാണത്, ആദര്‍ശപരമായ നിരന്തരശ്രമത്താല്‍ മാത്രം നേടാവുന്ന ഒന്ന്. സ്‌നേഹം, കരുണ, ക്ഷമ മുതലായ രഞ്ജകമനോഭാവങ്ങളെ വളര്‍ത്തി ഈ നിലയുളവാക്കാന്‍ സഹായിക്കുന്നവയത്രെ ലോകത്തിലെ എല്ലാ ഉല്‍ക്കൃഷ്ടഗ്രന്ഥങ്ങളും സദാചാരതത്ത്വങ്ങളും. എല്ലാ സുന്ദര കലകളുടെയും ഉദ്ദേശ്യവും ഇതുതന്നെയാവണമെന്നാണെന്റെ അഭിപ്രായം.
വ്യക്തിജീവിതങ്ങളെ ഈ പ്രപഞ്ചത്തോട് ചേര്‍ക്കുന്ന പ്രീതിബന്ധങ്ങളെല്ലാം ഏറിയാല്‍ ഒരു നൂറ്റാണ്ടിനേയുള്ളു എന്നു കരുതാന്‍ എന്റെ പ്രസാദാത്മകത കൂട്ടാക്കുന്നില്ല; അല്ലെങ്കില്‍ മരണത്തോടുകൂടി മനുഷ്യന്റെ ചരിത്രം അവസാനിച്ചു എന്നു തികച്ചും വിശ്വസിക്കുന്നവര്‍ എത്രപേരുണ്ടാവും? ജീവിതത്തിലെ ഓരോ നൈമിഷികാനുഭവവും അതാതിന്റെ ഭാവസ്ഫൂര്‍ത്തിയനുസരിച്ച് അധികമധികം ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന വൈകാരികമായൊരനുരണനത്തെ ഉളവാക്കുന്നു. അതിനെ സംബന്ധിച്ച ചിന്താമണ്ഡലമാകട്ടെ അതിലുമേറെക്കാലം നിലനില്ക്കുന്നുണ്ട്. അപ്പോള്‍ ഒരു ജീവിതത്തിലെ ആകത്തുകയായ വികാരസമ്പത്ത് അതിന്റെ സംവത്സരങ്ങളെക്കാളധികംകാലം ആത്മാവില്‍ അനുരണനംകൊള്ളുമെന്നും വിചാരപടലം ആ കാലത്തേയും അതിജീവിക്കുമെന്നും കരുതുന്നതില്‍ തെറ്റില്ല. പിന്നെ പുതിയൊരനുഭവം തുടങ്ങുന്നു. മറ്റൊരു ജീവിതം. ഈ വികാരവിചാരവീചികളടങ്ങുന്നതിന് മുമ്പുതന്നെ ആ പുതിയ ജന്മമുണ്ടായിക്കൂടെ എന്നും, ഈ ചിന്താഗതിയെ തുടര്‍ന്നു പോകുമ്പോള്‍, സംശയിക്കാം.
ഇങ്ങനെ എണ്ണമറ്റ ജന്മങ്ങളിലെ സംസ്‌കാരത്താല്‍ വികസിച്ചുവരുന്ന മനുഷ്യന്റെ എല്ലാ ആദര്‍ശങ്ങളുടെയും കഴിവുകളുടെയും പരിപൂര്‍ണതയാണ് അവന്റെ ഈശ്വരന്‍. അതുകൊണ്ടാണ് ഈശ്വരനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വ്യക്തികളുടെ വാസനാഭേദമനുസരിച്ചു വിവിധങ്ങളായിത്തീരുന്നതും വ്യക്തിവൈവിധ്യത്തെ അവഗണിക്കുന്ന മതസംഘടനങ്ങള്‍ ചിന്താശീലര്‍ക്കു തൃപ്തിയരുളാത്തതും. അങ്ങനെയൊരു പൂര്‍ണതയില്‍ വിശ്വാസമില്ലാത്തതോ, ജീവിതത്തിന്റെ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ഒരുറച്ച ലക്ഷ്യമില്ലെന്നു പ്രഖ്യാപിക്കലത്രെ.
എന്റെ നോട്ടത്തില്‍ ജീവിതം വിലപ്പെട്ട ഒരു നേട്ടമാണ്. അതിനെ വേണ്ടുംവണ്ണമാസ്വദിക്കാനറിഞ്ഞവര്‍ക്ക് അമരത്വം നേടാം. മനുഷ്യവര്‍ഗ്ഗം അതിനു പരിശീലിച്ചു വരുന്നേയുള്ളു. ആ പരിശീലനമിന്നവിധത്തിലാവണമെന്നതിനെക്കുറിച്ചു എന്റെ ആശയഗതിയിതാണ്. ഇതിനെ എത്രകണ്ടു പ്രായോഗികമാക്കാന്‍ എനിക്ക് സാധിച്ചുവോ അത്രകണ്ട് ഞാന്‍ സുഖിച്ചിട്ടുണ്ട്.
(അമ്മയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്)








0 comments:
Post a Comment