Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Tuesday, 19 July 2011

പരമേശ്വരസ്വാമി യാത്ര തുടങ്ങുകയായി; അഖണ്ഡരാമായണ പാരായണവുമായി...


പരമേശ്വരസ്വാമി യാത്ര തുടങ്ങുകയായി; അഖണ്ഡരാമായണ പാരായണവുമായി...
പള്ളിക്കത്തോട്:പ്രഭാതംമുതല്‍ പ്രദോഷം വരെ ഇരുന്നാല്‍ ഒരു ദിവസംകൊണ്ട് അധ്യാത്മരാമായണം മുഴുവനായി പാരായണം ചെയ്യും. ഒരു വ്യാഴവട്ടക്കാലമായി കര്‍ക്കടകം ഒന്നുമുതല്‍ മുപ്പത്തിയൊന്നുവരെ ഒരു തപസ്സുപോലെ അഖണ്ഡരാമായണപാരായണയാത്രയിലാണ് ആനിക്കാട് കയ്യൂരി വെങ്ങാലൂര്‍ പരമേശ്വരന്‍നായര്‍ എന്ന പരമേശ്വരസ്വാമി.

ഓരോ ദിനവും ഓരോവീട്ടിലെത്തി പ്രഭാതസൂര്യനെ സാക്ഷിനിര്‍ത്തി ബാലകാണ്ഡത്തില്‍ തുടങ്ങുന്ന രാമായണപാരായണം സന്ധ്യാസൂര്യനെ സാക്ഷിനിര്‍ത്തി ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും.

എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ ഒരു ഈരടിപോലും ഒഴിവാക്കാതെ കേള്‍വിക്കാരിലും ഭക്തിപാരവശ്യങ്ങള്‍ വഴിയാണ് സ്വാമി പാരായണം ചെയ്യുന്നത്.

57കാരനായ പരമേശ്വരന്‍നായര്‍ ബ്രഹ്മചാരിയാണ്. കൗമാരത്തില്‍ത്തന്നെ ആധ്യാത്മിക പാത തിരഞ്ഞെടുത്ത പരമേശ്വരന്‍നായര്‍ ജീവിതരീതിയിലെ വൈശിഷ്ട്യം കൊണ്ട് നാട്ടുകാര്‍ക്കിടയില്‍ 'സ്വാമി' എന്ന പേര് നേടുകയായിരിന്നു.

വെങ്ങാലൂര്‍ വേലായുധന്‍ നായരുടെയും സുഭദ്രാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ് പരമേശ്വരന്‍നായര്‍.
സഹോദരന്‍ ബാലകൃഷ്ണനും അമ്മയ്‌ക്കൊപ്പം തറവാട്ടില്‍ത്തന്നെയാണ് താ
മസം.

ഇരുപത്തിയഞ്ചുവര്‍ഷമായി പാചകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കേരളീയ സദ്യയൊരുക്കി പ്രശംസനേടിയെടുത്തിട്ടുണ്ട്. ഇദ്ദേഹം നിരവധി ക്ഷേത്രങ്ങളില്‍ പ്രസാദഊട്ട് ഒരുക്കുന്നതിന്റെ ചുമതലക്കാരന്‍ കൂടിയാണ്.

ക്ഷണമനുസരിച്ച് ഓരോ വീട്ടിലും അതിരാവിലെയെത്തുന്ന ഇദ്ദേഹം ഗണപതിഹോമം, ശ്രീരാമപൂജ എന്നിവ നടത്തിയതിനുശേഷമാണ് രാമകഥ ഉരുക്കഴിക്കുന്നത്. നിറപുത്തിരിനാളില്‍ പമ്പ ഗണപതി ക്ഷേത്രത്തിലെ ഹനുമദ്‌നടയിലാണ് പരമേശ്വരസ്വാമി വര്‍ഷങ്ങളായി അഖണ്ഡപാരായണം നടത്തുന്നത്.

കര്‍ക്കടകം ഒന്നാം തിയ്യതി ആനിക്കാട് ശ്രീശങ്കരനാരായണമൂര്‍ത്തി ക്ഷേത്രത്തില്‍ പരമേശ്വര സ്വാമിയുടെ അഖണ്ഡ രാമായണപാരായണം നടന്നു. നിത്യപാരായണംകൊണ്ട് ഈരടികളോരോന്നും ഹൃദിസ്ഥമെങ്കിലും കൊളുത്തിവച്ച നിലവിളക്കിനുമുമ്പില്‍ രാമായണം നോക്കിത്തന്നെയാണ്പാരായണം. അടുത്തദിവസം മുതല്‍ തന്നെ കാത്തിരിക്കുന്ന ഭക്തരുടെ വീടുകളിലേക്ക് രാമായണം നെഞ്ചോടുചേര്‍ത്ത് പരമേശ്വരസ്വാമി യാത്രതിരിക്കും. ഈ യാത്ര പതിവുപോലെ ദേശദേശാന്തരങ്ങള്‍ കടന്നുതന്നെയാവും.

0 comments:

Post a Comment

 
 
Snow-Effect