തിരുവനന്തപുരം: ബിരുദാനന്തര പഠനത്തിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാവണം നിര്‍ദിഷ്ട മലയാളം സര്‍വകലാശാലയെന്ന് ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല' എന്നപേരില്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ ആരംഭിക്കുന്ന മലയാളം സര്‍വകലാശാലയ്ക്ക് അഫിലിയേറ്റഡ് കോളേജുകളും ഉണ്ടാകില്ല.
കാമ്പസിന് പുറത്തുള്ള സെന്‍ററുകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആരംഭിക്കാമെങ്കിലും ആദ്യമൂന്നുവര്‍ഷം ഇത് വേണ്ടെന്ന് വയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ക്കായി കേന്ദ്രം ആരംഭിക്കാം. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കും.
ഈ വര്‍ഷം നവംബര്‍ ഒന്നിന് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ - ജൂലായ് മാസത്തില്‍ സര്‍വകലാശാലയുടെ നിയമം നിലവില്‍ വരണം. തിരൂരില്‍ വെട്ടം വില്ലേജില്‍ 100 ഏക്കര്‍ സ്ഥലം സര്‍വകലാശാലയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരൂര്‍ ഗവണ്‍മെന്‍റ് കോളേജിനോട് ചേര്‍ന്നുകിടക്കുന്ന 20 ഏക്കര്‍ സ്ഥലവും സര്‍വകലാശാലയ്ക്കായി ഉപയോഗപ്പെടുത്തണം. കേരളീയ ശൈലിയില്‍ ആകണം സര്‍വകലാശാലയുടെ ആസ്ഥാന മന്ദിര നിര്‍മാണം. ആദ്യ വര്‍ഷം 360 വിദ്യാര്‍ഥികള്‍ക്കും 30 ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. 55 അധ്യാപകരെയാണ് അദ്യഘട്ടത്തില്‍ നിയമിക്കേണ്ടത്.
ഭാഷ, സാഹിത്യം, വൈജ്ഞാനിക മേഖല, സാസ്‌കാരിക ചരിത്രം, ദൃശ്യകല, രംഗകല, സംഗീത പാരമ്പര്യം, സാമൂഹിക ചരിത്രം, സമകാലിക സാസ്‌കാരിക സമസ്യകള്‍, ഗോത്ര സംസ്‌കാരം, മാധ്യമ മലയാളം തുടങ്ങിയ വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആകാം. ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നതിനൊപ്പം സാംസ്‌കാരിക പൈതൃകം പഠിക്കാന്‍ ഉതകുന്ന കോഴ്‌സുകളും ഗവേഷണങ്ങളും ഏറ്റെടുക്കാന്‍ ഉപകരിക്കുന്നതാവണം സര്‍വകലാശാല.
ഭാഷാ വിജ്ഞാനകോശം, സാഹിത്യകോശം, കലാകോശം, പൈതൃകപഠനകോശം, വിജ്ഞാനപൈതൃകകോശം തുടങ്ങിയ പഠന മേഖലകളുടെ കീഴില്‍ ഒമ്പത് പഠനാലയങ്ങള്‍ ( സ്‌കൂളുകള്‍ ) തുടങ്ങണം. അവയുടെ കീഴില്‍ 12 കോഴ്‌സുകള്‍ക്കും ശുപാര്‍ശയുണ്ട്. ഓരോ പഠന മേഖലയ്ക്കും അഞ്ചംഗ ഉപദേശക സമിതി വേണം. 30 അംഗ അക്കാദമിക് കൗണ്‍സിലിനും നിര്‍ദേശമുണ്ട്. ഗവേഷണങ്ങളും പ്രോജക്ടുകളും പരിശോധിക്കാന്‍ ഗവേഷണ കൗണ്‍സില്‍ രൂപവത്കരിക്കണം. ആദ്യഘട്ടത്തില്‍ 30 ഗവേഷണങ്ങള്‍ സര്‍വകലാശാലയ്ക്ക് ഏറ്റെടുക്കാം.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഭരണ സംസ്‌കാരം നിര്‍ദേശിക്കുന്ന മലയാള സര്‍വകലാശാലയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കും. നടപ്പുവര്‍ഷം 30 കോടി രുപയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയേ്ക്കണ്ടതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.








0 comments:
Post a Comment