Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Saturday, 17 March 2012

വണങ്ങേണ്ടത് സെഞ്ച്വറിയെയല്ല, ആ പ്രതിഭയെ



കാലം കാത്തുവെച്ചത് ധാക്കയിലെ സാധാരണക്കാരായ കാണികള്‍ക്ക് വേണ്ടിയായിരുന്നു. എംസിസിയുടെ വിശിഷ്ടാംഗത്വം വിളിച്ച് പറയുന്ന മഞ്ഞയും തവിട്ടും കലര്‍ന്ന് ടൈ കെട്ടിയ ആഢ്യത്വത്തേക്കാള്‍ മെല്‍ബണ്‍ ക്രിക്കറ്റിന്റെ പ്രൗഢമായ ഗാലറികളേക്കാള്‍ ഇത് അര്‍ഹിച്ചത് മിര്‍പൂരിലെ കൊച്ചു സമൂഹമായിരുന്നു. പല വലിയ കാര്യങ്ങളും അങ്ങനെയാണ്. പാണ്ഡിത്യത്തിന്റെ വിഭക്തിയേക്കാള്‍ ലാളിത്യത്തിന്റെ ഭക്തിയെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച ഒരു ദേശത്തിന്റെ പ്രതിരൂപമാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍കര്‍. അസാമാന്യമായ ഈ നേട്ടം താരതമ്യേന അപ്രസക്തമായ വേദിയില്‍ ബംഗ്ലാദേശിനെപ്പോലുള്ള ഒരു ടീമിനെതിരെയായിപ്പോയി എന്ന് പരിതപിക്കുന്നവരുണ്ടാകാം. അവരോട് പൊറുക്കാം. ഇത് അഭൗമമയ ഒരു മുഹൂര്‍ത്തമാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് ബംഗ്ലാദേശിന്റെയും ഏഷ്യാ കപ്പിന്റെയും നിയോഗമാണ്, ഭാഗ്യവും.

വെറുമൊരു നാഴികക്കല്ല് എന്ന അവസ്ഥയില്‍ നിന്നും നൂറാം അന്താരാഷ്ട്ര സെഞ്ച്വറി ഇത്ര വലിയ ഒരു സംഭവമായി മാറിയത് എങ്ങിനെയാണ് എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന പേരില്‍ത്തന്നെയുണ്ട്. വര്‍ത്തമാനപ്പത്രത്തിന്റെ മുന്‍താളുകളിലെ അസ്വസ്ഥതകളില്‍ നിന്നും നൈമിഷികമായ ആഹ്ലാദങ്ങളിലേക്ക് ഒരു രാജ്യത്തെയാകമാനം കൈപിടിച്ച് നടത്തിയ പിന്‍താള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചരിത്രപുരുഷന്‍ എന്ന അവസ്ഥ-അതു തന്നെയാണ് അമിത പ്രതീക്ഷകളിലേക്കും സമ്മര്‍ദ്ദങ്ങളിലേക്കുമൊക്കെ കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്.

ക്രിക്കറ്റ് എന്നാല്‍ എന്തെന്നറിയാത്തവര്‍ക്ക് പോലും ഒരു ഉദ്വേഗമായി അത് വളര്‍ന്നു. അത്രയ്ക്കാണ് സച്ചിന്‍ എന്ന രണ്ടക്ഷരം ഇന്ത്യയുടെ പൊതുസമൂഹത്തെ സ്വാധീനിച്ചത്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അത് സച്ചിന്റെ ഉള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം ഒരുപക്ഷേ, ഉള്ളിലെപ്പോഴെങ്കിലും അഭിമാനിച്ചിട്ടുണ്ടാകും. നൂറ്റി ഇരുപത് കോടി ജനങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള ആകുലതകളെപ്പറ്റി അറിഞ്ഞപ്പോള്‍. പിന്നെ, സമ്മര്‍ദ്ദങ്ങള്‍. അതദ്ദേഹത്തിനൊരു പുതുമയേ അല്ലല്ലോ. അതിന്റെ വൈവിധ്യങ്ങളിലൂടെയല്ലേ കഴിഞ്ഞ 23 വര്‍ഷങ്ങള്‍ അദ്ദേഹം ജീവിച്ചു തീര്‍ത്തത്!

പ്രണബ് മുഖര്‍ജിക്കും അദ്ദേഹത്തിന്റെ ബജറ്റ് വിശേഷങ്ങള്‍ക്കുമെല്ലാം കാത്തു നില്‍ക്കാം. സച്ചിന്‍ തെണ്ടുല്‍കറുടെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി വാര്‍ത്തകള്‍ക്ക് ഇതിലേറെ കാത്തു നില്‍ക്കാനാവില്ല എന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ത്തന്നെ ശരിയായിരുന്നു. ആദ്യത്തെ അഞ്ചോ ആറോ മാസക്കാലത്തേക്ക് അത് വെറും 'കോളം വാര്‍ത്ത'കള്‍ മാത്രമായിരുന്നു. ഇടയ്‌ക്കെവിടെയോ തൊണ്ണൂറുകളുടെ കടന്നുവരവുകള്‍ ഉണ്ടായതോടെയാണ് ഇത് ഒരു ചര്‍ച്ചയുടെ സ്വഭാവം വിട്ട് ഒരു ദേശീയ പ്രശ്‌നമായിട്ട് മാറിയത്. തൊണ്ണൂറു റണ്ണെടുത്ത ഒരു ബാറ്റ്‌സ്മാന്‍ ബഹുമാനിക്കപ്പെടുന്നതിനു പകരം അതിനെതിരെ വിരല്‍ ചൂണ്ടപ്പെടുന്ന വൈരുധ്യം ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും കാണാനാകുമെന്ന് തോന്നുന്നില്ല.



''തൊണ്ണൂറ്റി എട്ടാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി കഴിഞ്ഞപ്പോള്‍അടുത്തത് തൊണ്ണൂറ്റി ഒമ്പതാമത്തെയാണ് എന്ന് ആരും എന്നെ ഓര്‍മ്മിപ്പിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഒരൊറ്റ സെഞ്ച്വറിക്കിടയില്‍ ഈ ലോകം കീഴ്‌മേല്‍ മറഞ്ഞുപോയതെങ്ങനെയാണാവോ?' സച്ചിന്‍ തെണ്ടുല്‍കര്‍ തുറന്ന് ചോദിക്കുന്നു. ഉള്ളില്‍ എന്തു തോന്നിയാലും പുറത്ത് പറയാതെ നടക്കുന്ന തെണ്ടുല്‍കര്‍ കുറച്ച് ദിവസങ്ങളിലായി അനുഭവിച്ചതിന്റെ ചെറിയൊരു അംശം മാത്രമേ ഈ ചോദ്യത്തില്‍ വ്യക്തമാകുന്നുള്ളൂവെങ്കിലും അതിന്റെ തീവ്രത എന്തായിരുന്നുവെന്നതിന്റെ വ്യക്തമായ ഒരു ചിത്രം അതിലുണ്ട്.

അവിശ്വസനീയം എന്നൊന്നുമുള്ള വിശേഷണം കൊണ്ടൊന്നും തെണ്ടുല്‍കറുടെ കരിയറിനെ വിശേഷിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. അപൂര്‍വതകളും ആകസ്മികതകളും നിറഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ആരും കീഴടക്കാത്ത ഉയരങ്ങളിലേക്ക് നിഷ്പ്രയാസം കയറിപ്പോയി. ഒരു പിറന്നാള്‍ കേക്ക് മുറിക്കുന്ന ലാഘവത്തില്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ കൈവശപ്പെടുത്തി. ധാക്കയിലെ ഈ നൂറാമത്തേതിനുള്‍പ്പെടെ പലതിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല എന്ന ആത്മവേദന ഇരട്ടിപ്പിക്കുന്ന വിധത്തിലുള്ള വിമര്‍ശനങ്ങളെ അതിജീവിക്കേണ്ടി വന്നു. ലോകകപ്പ് വിജയമൊഴികെ ഒരു ഘട്ടത്തിലും അമിതമായ വികാരപ്രകടനങ്ങള്‍ തെണ്ടുല്‍കറുടെ ഭാഗത്തു നിന്നും നാം കണ്ടിട്ടില്ല. കൈയടികളെയും കല്ലേറുകളെയും ഒരേ നിസ്സംഗതയോടെ കണ്ടു ശീലിച്ച തെണ്ടുല്‍കര്‍ക്ക് പോലും മനസ്സ് പതറുന്ന അവസ്ഥയിലേക്ക് നമ്മുടെ പ്രതീക്ഷകള്‍ വളര്‍ന്നു. അത് തെറ്റു തന്നെയാണ്. എങ്കിലും ആ പ്രതീക്ഷകളില്‍ എന്നും നിലനിന്നിരുന്ന വാത്സല്യത്തെ തെണ്ടുല്‍കര്‍ തീര്‍ച്ചയായും തിരിച്ചറിയുന്നുണ്ടാകും.

ഒരു ഗായകനും മോശം പാട്ടുകള്‍ പാടാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ചിത്രകാരനും ശില്പിക്കും സൃഷ്ടികളുടെ മേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചകള്‍ അംഗീകരിക്കാനാവുമെന്ന് തോന്നുന്നില്ല. അതു തന്നെയാണ് കായികതാരങ്ങളുടെയും അവസ്ഥ. തൊടുക്കുന്ന ഓരോന്നും ലക്ഷ്യത്തിലെത്തണമെന്നു തന്നെയാണ് അയാള്‍ ആഗ്രഹിക്കുന്നത്. കളിക്കുന്ന ഓരോ ഇന്നിങ്ങ്‌സും മികവുറ്റതാവണമെന്നും അതൊക്കെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കണമെന്നും തന്നെയാണ് ഇന്നും സച്ചിന്‍ തെണ്ടുല്‍കറുടെ സ്വപ്നം. ആ സ്വപ്നങ്ങളാണ് അദ്ദേഹത്തെ ഇത്രയും കാലം മുന്നോട്ട് നയിച്ചതും ഈ സുവര്‍ണ്ണ സാക്ഷാത്കാര നിമിഷത്തില്‍ കൊണ്ടെത്തിച്ചതും. നൂറാം അന്താരാഷ്ട്ര സെഞ്ച്വറി വെറുമൊരു നാഴികക്കല്ലാണ് അതിലും എത്രയോ ധന്യമാണ് തെണ്ടുല്‍കര്‍ എന്ന പ്രതിഭയുടെ സാന്നിധ്യം. അതിനെയാണ് വണങ്ങേണ്ടത്. നിരുപാധികം.

0 comments:

Post a Comment

 
 
Snow-Effect