Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Tuesday, 19 July 2011

റെഡ് ഹോട്ട് സച്ചിന്‍


റെഡ് ഹോട്ട് സച്ചിന്‍




സച്ചിന്‍ തെണ്ടുല്‍കര്‍ ഒരു ചൂടപ്പമാണ്-എന്നും ഒരു 'ഹോട്ട് ഇഷ്യൂ' ആയി തുടരുക എന്നത് അദ്ദേഹത്തിന്റെ നിയോഗമാണ്. ലോര്‍ഡ്‌സിലെ 2000-ാം ടെസ്റ്റും അതില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തെണ്ടുല്‍കറുടെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയുമൊക്കെ ചര്‍ച്ചകളിലിട്ട് വലിച്ചിഴക്കപ്പെടുന്നു. ''ഞാന്‍ റെക്കോഡുകള്‍ക്ക് പിന്നാലെയല്ല'' എന്ന സത്യസന്ധമയ തുറന്ന് പറച്ചിലുകളൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് സമൂഹത്തിനു മുമ്പില്‍ വിലപ്പോവുന്നതേയില്ല. സത്യത്തില്‍ സച്ചിന്‍ തെണ്ടുല്‍കര്‍ ഒരു റെക്കോഡിനും പിന്നാലെ പോകുന്നില്ല. എല്ലാ റെക്കോഡുകളും അദ്ദേഹത്തിന്റെ പിന്നാലെ വരികയാണ് ചെയ്യുന്നത്. അത് റെക്കോഡുകളുടെ നിയോഗം.

പതിനഞ്ച് തികയാത്ത തെണ്ടുല്‍ക്കറോട് ഒരിക്കല്‍ മൊഹീന്ദര്‍ അമര്‍നാഥ് ദിനചര്യകളെപ്പറ്റി ചോദിച്ചിരുന്നു. ദിവസേന 1000-1200 എന്ന കണക്കിന് 'സ്‌കിപ്പിംഗ്' നടത്താറുണ്ട് എന്നായിരുന്നു അന്നത്തെ മറുപടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തെണ്ടുല്‍കര്‍ക്ക് ഇത് 22-ാം വര്‍ഷമാണ്. അന്ന് പറഞ്ഞ സ്‌കിപ്പിംഗ് ഇന്നും നിര്‍ബാധം തുടരുന്നു. വര്‍ഷത്തില്‍ 1500 എന്ന കണക്കില്‍ റണ്ണുകളും ആറു മത്സരങ്ങളിലൊരിക്കല്‍ എന്ന കണക്കില്‍ സെഞ്ച്വറികളും പുറകോട്ട് ഓടിക്കൊണ്ടിരിക്കുന്നു.



വ്യക്തിപരമായി എന്തു ചെയ്യും എന്നോ ചെയ്യില്ല എന്നോ ഉള്ള താല്പര്യങ്ങള്‍ക്കപ്പുറത്ത് ഓരോ പരമ്പരയും വിലയിരുത്തപ്പെടുന്നത് തെണ്ടുല്‍ക്കറിലൂടെയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വീരേന്ദര്‍ സെവാഗ് ഉണ്ടായിരുന്നില്ല എന്നതും ഗൗതം ഗംഭീര്‍ അവസാന നിമിഷത്തില്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി എന്നതുമെല്ലാം സച്ചിന്‍ തെണ്ടുല്‍കറുടെ അഭാവത്തിനു മുമ്പില്‍ രണ്ടാം സ്ഥാനത്തു മാത്രമേ വരുന്നുള്ളൂ. അതില്‍ വിശേഷിച്ച് പക്ഷപാതങ്ങളോ അപ്രീതികളോ ഒന്നും തന്നെയില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്. കത്തി ജ്വലിച്ച് നില്‍ക്കുന്ന സൂര്യഗോളത്തിനു ചുറ്റും പരാതികളില്ലാതെ വലംവച്ച് നീങ്ങുന്ന ഗ്രഹങ്ങളെപ്പൊലെയാണ് ടീമിലെ മറ്റു ക്രിക്കറ്റര്‍മാര്‍. അവര്‍ക്ക് അവരുടേതായ മൂല്യങ്ങളും സ്ഥാനങ്ങളുമുണ്ട്. നിലനില്‍പിന്റെ സമവാക്യങ്ങളില്‍ തെണ്ടുല്‍കറെപ്പോലെത്തന്നെയുള്ള പ്രാധാന്യവുമുണ്ട്. തുല്ല്യര്‍ക്കിടയിലാണെങ്കിലും ഒന്നാമന്‍ എന്നും ഒന്നാമന്‍ തന്നെ. അത് തുടരുകതന്നെ ചെയ്യും.



ഇന്നത്തെ സാഹചര്യത്തില്‍ ദുര്‍ബലമായ ഒരു വെസ്റ്റ്ഇന്‍ഡ്യന്‍ ടീമിനെ വരുതിയിലാക്കാന്‍ ഇന്ത്യക്ക് സച്ചിന്‍ തെണ്ടുല്‍കറെപ്പോലെ ഒരു ബാറ്റ്‌സ്മാന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാലും പരമ്പരയില്‍ പലപ്പോഴും തെണ്ടുല്‍കറുടെ അഭാവം നിഴലിച്ചു നിന്നു. ദേവേന്ദ്ര ബിഷുവിന്റെ ബൗളിംഗ് സ്‌പെല്ലുകള്‍ക്കിടയില്‍ ഒരു ആധികാരിക സാന്നിധ്യത്തിന്റെയും സമീപനത്തിന്റെയും കുറവ് വ്യക്തമായിരുന്നു. സ്പിന്‍ ബൗളിങ്ങിനെ ആക്രമിക്കുക എന്ന പുതുതലമുറക്കാരന്റെ തന്ത്രങ്ങള്‍ക്ക് ഒരു പരിധിയില്‍ക്കവിഞ്ഞ് പ്രാധാന്യം ടെസ്റ്റ് മത്സരങ്ങളില്‍ ഇല്ല. വി.വി.എസ്.ലക്ഷ്മണ്‍ മാത്രമാണ് ഇന്ത്യന്‍ മധ്യനിരയില്‍ മാതൃകാപരമായ ഒരു സമീപനം ഇക്കാര്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു വെസ്റ്റ്ഇന്‍ഡ്യന്‍ സ്ലോ ബൗളര്‍ വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകളില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരെ വിഷമിപ്പിച്ചു എന്നത് ഒരു നിസ്സാര കാര്യമായി കണക്കാക്കാമെന്ന് തോന്നുന്നില്ല. തെണ്ടുല്‍ക്കര്‍ പഴയതുപോലെ ആക്രമിച്ച് കളിക്കുന്നില്ല, സ്‌കോറുകളോട് പ്രത്യേക മമത കാട്ടുന്നു-6 ഇന്നിങ്ങ്‌സുകളില്‍ ഒരേയൊരു പ്രാവശ്യം മാത്രം 300 കടന്ന സ്‌കോറുകള്‍, ഈ ആക്ഷേപങ്ങളിലെ കഴമ്പില്ലായ്മകളെ ബോധ്യപ്പെടുത്തുന്നു.സച്ചിന്‍ തെണ്ടുല്‍കര്‍ സാഹചര്യങ്ങളെ മുന്‍കൂട്ടിക്കണ്ട് ഇന്നിങ്‌സിനെ വിന്യസിക്കുന്നു എന്ന് വിമര്‍ശകര്‍ ഇനിയെങ്കിലും തിരുത്തണം.



ഇതും ഒരു ആഷസ് ആണ് എന്ന് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് സഹൃദയത്വം ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയെ വാഴ്ത്തുന്നു. ക്രിക്കറ്റ് എന്നാല്‍ ആഷസ് മാത്രം എന്ന ഇംഗ്ലിഷ് വിചാരങ്ങളോട് തല്‍ക്കാലം ക്ഷമിക്കാം. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ സീരീസിന്റെ മാഹാത്മ്യം. ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ടെസ്റ്റ് മാച്ച് ക്രിക്കറ്റിലെ ജൈത്രകള്‍ സാര്‍ഥകമാകുന്നുള്ളൂ എന്ന തിരിച്ചറിവോ പ്രഖ്യാപനമോ ഒക്കെയാണ് ഈ താരതമ്യം. 'എളുപ്പമാവില്ല മക്കളേ' എന്ന് ഇയന്‍ ബോതം മുതല്‍ മൈക്കല്‍ വോന്‍ വരെയുള്ള മുന്‍ നായകന്മാര്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ ഓര്‍മ്മിപ്പിക്കുന്നു. കരിയരിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന സച്ചിന്‍ തെണ്ടുല്‍കറെ നിയന്ത്രിക്കാന്‍ എളുപ്പമാവില്ല എന്ന് വോന്‍ പറയുന്നത് ഒരു ഇംഗ്ലിഷ് ആശങ്കയാണെന്നോ സമ്മര്‍ദ്ദതന്ത്രമാണെന്നോ കരുതേണ്ടതില്ല. അതൊരു യാഥാര്‍ഥ്യമാണ്. ഇന്നും തെണ്ടുല്‍കര്‍ക്കെതിരെയുള്ള വിജയങ്ങളോളം ബൗളറെയോ ഫീല്‍ഡിംഗ് ടീം നായകനെയോ ആഹ്ലാദിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്ന നിമിഷങ്ങള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ ഉണ്ടാകാനിടയില്ല.



ടോണ്‍ടണിലെ പരിശീലനമത്സരം ഒരു തയ്യാറെടുപ്പിനു പര്യാപ്തമാണോ എന്ന് സന്ദേഹപ്പെടുന്നവര്‍ കുറവല്ല. ഇംഗ്ലിഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഒരു ത്രിദിനമത്സരത്തില്‍ കിട്ടാന്‍ പോകുന്ന ഏതാനും മണിക്കൂറുകള്‍ മതിയാവില്ല എന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. ഈ കാലഘട്ടം, ഇതില്‍ക്കൂടുതല്‍ സമയം ഒരു തയ്യാറെടുപ്പിന് നീക്കിവയ്ക്കാന്‍ അനുവദിയ്ക്കുന്നില്ല എന്നതിനാല്‍ ഈ വേവലാതികള്‍ക്ക് സാങ്കേതികമായ നിലനില്‍പ് മാത്രമേയുള്ളൂ. എത്രയും പെട്ടെന്ന് റെയിലിന്മേല്‍ കയറാന്‍ ശ്രമിക്കുക എന്നതാണ് ഓരോ സന്ദര്‍ശക ടീമിന്റെയും ആദ്യത്തെ ലക്ഷ്യം. അതിനാല്‍ ഇന്ത്യയുടെ ലോര്‍ഡ്‌സ്, ടോണ്‍ടണില്‍ത്തന്നെ ആരംഭിക്കുന്നു എന്ന് പറയാം.



വലിയ കുറെ കണക്കുകള്‍ക്കിടയില്‍ അത്ര അപ്രസക്തമല്ലാത്ത മറ്റൊരു കണക്ക് കൂടിയുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുകള്‍ 100 എന്ന നാഴികക്കല്ല് പിന്നിടാന്‍ പോകുന്നതും ലോര്‍ഡ്‌സില്‍ത്തന്നെയാണ്. 79 കൊല്ലത്തെ ടെസ്റ്റ് ക്രിക്കറ്റിനിടയില്‍ ഇന്ത്യ ആദ്യമായിട്ടാണ് ഒരു എതിരാളിക്കെതിരെ സെഞ്ച്വറി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്. ഒരിടത്ത് 2000 എന്ന വലിയ കാന്‍വാസിലെ ചരിത്രം. തൊട്ടു താഴെ ഒരു നൂറാം ടെസ്റ്റ് മാച്ച്. വേദി-ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് മൈതാനം. ഒരു ചരിത്രത്തെക്കൂടി രേഖപ്പെടുത്താനുള്ള ഇടം ലോര്‍ഡ്‌സിലെ ലോങ്ങ്-റൂമുകളിലുണ്ട്.

സച്ചിന്‍ രമേഷ് തെണ്ടുല്‍കര്‍ എല്ലാം കാണുന്നു, അറിയുന്നു.

0 comments:

Post a Comment

 
 
Snow-Effect