Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Saturday, 30 July 2011

ട്രാവല്‍ ബ്ലോഗ്‌ താമ്രപര്‍ണി കരയില്‍, കൊടുംകാട്ടില്‍...



താമ്രപര്‍ണി കരയില്‍, കൊടുംകാട്ടില്‍...



ഹുങ്കാരത്തോടെ വീശിയടിച്ച തണുത്ത കാറ്റിന്റെ താളത്തില്‍ വന്‍വൃക്ഷത്തലപ്പുകള്‍ ചടുലനൃത്തമാടി. പൊടുന്നനെ നിലയ്ക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ എവിടെ നിന്നോ മടങ്ങിയെത്തി പൗര്‍ണമി നിലാവേറ്റു തിളങ്ങുന്ന ഇലകളില്‍ നിന്ന് കാതടപ്പിക്കുന്ന താളത്തില്‍ കാടിന്റെ രൗദ്രസംഗീതം പൊഴിക്കുകയും ചെയ്യുന്ന മാഘമാസക്കാറ്റ്, ആ നിബിഡ വനാന്തരീക്ഷത്തിന്റെ ഭയാനകതയ്ക്ക് ആക്കം കൂട്ടി. തമിഴ്‌നാട്ടിലെ സമൃദ്ധമായൊഴുകുന്ന അപൂര്‍വ്വം നദികളിലൊന്നായ താമ്രപര്‍ണി തന്റെ മടിത്തട്ടിലൊതുക്കുന്ന കളക്കാട്- മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിനുള്ളിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിനു മുന്നില്‍ കാറ്റും നദിയും കാടും ചേര്‍ന്നൊരുക്കുന്ന ഫ്യൂഷന്‍ സംഗീതം ശ്രവിച്ചിരുന്നപ്പോള്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട യാത്രയുടെ ക്ഷീണം പോയ്മറഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉള്‍ക്കാട്ടിലേക്ക് നടത്തുന്ന ജീപ്പ് സവാരിയാണ് ഈ കാത്തിരിപ്പിന്റെ ലക്ഷ്യവും ഈ യാത്രയുടെ പ്രധാന ആകര്‍ഷണവും.
തിരുനെല്‍വേലിയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് പശ്ചിമഘട്ടത്തിലെ അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചില്‍ പെട്ട കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്വ്. പ്രശസ്തമായ പാപനാശം ക്ഷേത്രത്തിനു പിന്നില്‍ നിന്ന് അഗസ്ത്യമുനിയുടെ പാദസ്​പര്‍ശത്താല്‍ പവിത്രമായ അംബാസമുദ്രം മലകയറി കാനനപാതയിലൂടെ ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ താണ്ടിയാല്‍ ടൈഗര്‍ പാര്‍ക്കിന്റെ പ്രവേശനകവാടമായി. ഇവിടെ ഫോറസ്റ്റ് ഓഫീസിനു സമീപം നദിക്കരയിലാണ് വന സഞ്ചാരികള്‍ക്ക് താമസമൊരുക്കുന്ന ഗസ്റ്റ് ഹൗസുകള്‍.
കേരളത്തില്‍ നിന്നും ചെങ്കോട്ട തെങ്കാശി വഴിയോ നാഗര്‍കോവില്‍ തിരുനെല്‍വേലി വഴിയോ പാപനാശത്തെത്തി ചേരാം. പാപനാശം ക്ഷേത്രത്തിനു പുറകിലെ മനോഹരമായ കുളിക്കടവുകളില്‍ താമ്രപര്‍ണിയുടെ കുളിര്‍മയില്‍ കുളിച്ചുല്ലസിക്കുന്നുണ്ടായിരുന്നു. എത്രയോ ചലചിത്രഗാനങ്ങളിലെ പ്രണയ നൃത്തരംഗങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ കൃത്രിമമായി നിര്‍മ്മിച്ചിരിക്കുന്ന സെന്‍ട്രല്‍ ഗ്യാപ്, 1935 ല്‍ ബ്രിട്ടീഷുകാരണാത്രെ പണികഴിപ്പിച്ചത്. വിശാലമായൊരു തടാകത്തിലെ പോലെ വെള്ളം തടഞ്ഞു നിര്‍ത്തി നീളത്തില്‍ പടവുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകളിലൂടെ ഒഴുകി സുതാര്യമായൊരു കര്‍ട്ടണ്‍ പോലെ തെളിനീര്‍ താഴേക്ക് പതിക്കുമ്പോള്‍ നുരയുന്ന പാല്‍ നിറം. ആ കുളിര്‍ ധാരയുടെ തഴുകലേറ്റ് നദിക്കു കുറുകെ ഒരു വട്ടം നടന്നപ്പോള്‍ തന്നെ മുങ്ങികുളിച്ചപോസെ ഒരു ഫ്രഷ്‌നസ്.
പാപനാശം പിന്നിട്ട് കളക്കാട് ലക്ഷ്യമാക്കി മലഞ്ചരിവിലൂടെ വളഞ്ഞുപുളഞ്ഞ് മുകളിലേക്കുള്ള യാത്രയില്‍ ഏതാനും കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ ഇടതുവശത്തേക്ക് അഗസ്ത്യാര്‍ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തിരിയുന്നത് കാണാം. ഒട്ടേറെ തീര്‍ഥാടകരും വനസഞ്ചാരികളും നിത്യമെത്തുന്ന ആ പുണ്യതീര്‍ഥം ദര്‍ശിക്കാതെ ഈ യാത്ര പൂര്‍ത്തിയാവുന്നില്ല.
വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും വന്‍പാറക്കെട്ടുകളിലൂടെ പണിത ചെങ്കുത്തായ പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ ഭീമാകാരമായ പാറകള്‍ക്കിടയില്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ അഗസ്ത്യക്ഷേത്രം. വരാതിരുന്നെങ്കില്‍ അതെത്ര നഷ്ടമാകുമെന്ന് ബോധ്യമായി.
അഗസ്ത്യ ഫോള്‍സിനോട് യാത്ര പറഞ്ഞ് കളക്കാട് കടുവാ സങ്കേതത്തിലെ ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ അഞ്ചുമണി. രാത്രി പത്ത് മണിക്കായിരുന്നു കാനനസവാരി. വന്യജീവികളുടെ മേച്ചില്‍പുറങ്ങളിലൂടെ വാഹനമുരുണ്ടു. പച്ചപ്പിനിടയിലൂടെ കടുവാക്കണ്ണുകള്‍ കാണാനുള്ള ആഗ്രഹവുമായി ഇമചിമ്മാതെ പാതയോരം മാറിമാറി കണ്ണോടിച്ച് ശ്വാസമടക്കിയിരുന്നു. ലൈറ്റ് അടുത്തെത്തുമ്പോള്‍ മാന്‍കൂട്ടങ്ങള്‍ ഓടിയൊളിച്ചു.
യാത്രയ്ക്കിടയില്‍ കാട്ടിനുള്ളിലെ ഊരായ കാരയാര്‍ താണ്ടി. പൗര്‍ണമി രാത്രിയില്‍ അവിടുത്തെ ചെറുക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് കുടിലുകളിലേക്ക് മടങ്ങുന്ന ഗ്രാമീണര്‍. ആ വന്യതയ്ക്കുള്ളിലെ ഗ്രാമീണമായ ഒത്തൊരുമിക്കലിന്റെ വേദിയായി ആ ചെറുക്ഷേത്രം. കടുവകളെ കാണാനായില്ലെങ്കിലും രാത്രിയിലെ വനസൗന്ദര്യം നുകരാനായതിന്റെ സംതൃപ്തിയോടെ ഗസ്റ്റ്ഹൗസിലെ കുളിരില്‍ അന്തിമയക്കം.
രാവിലെ വീണ്ടും കാട്ടിലേക്ക്. ഗസ്റ്റ്ഹൗസില്‍ നിന്നും കാടിനുള്ളിലേക്ക് 12 കിലോമീറ്റര്‍ മാറിയാണ് കാരയാര്‍ ഡാം. അവിടെ നിന്നും വിശാലമായ റിസര്‍വ്വോയറിലൂടെ 15 മിനിട്ടോളം ബോട്ട് യാത്ര ചെയ്താല്‍ വനത്തിനുള്ളിലെ ബാണതീര്‍ഥം എന്ന പുണ്യജലപാതം കാണാം. എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളാണ് സഞ്ചാരികളെ കൊണ്ട് പോകാന്‍ വനം വകുപ്പ് ഉപയോഗിക്കുന്നത്. രാവിലെ ആറുമണി മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഉദയസൂര്യനോടൊപ്പമുള്ള യാത്രയ്ക്ക് തീര്‍ഥയാത്രയുടെ ഭക്തിസാന്ദ്രത.
വന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആര്‍ത്തുല്ലസിച്ച് നുരചിതറി കുളിര്‍വിതറിയെത്തുന്ന ബാണതീര്‍ഥം, താഴെ ചെറുപാറകള്‍ക്കിടയിലൂടെ അരിച്ചിറങ്ങി തടാകത്തിന്റെ നിശ്ചലതയിലേക്ക് അലിയുന്ന ശാന്തഗംഭീരമായ കാഴ്ച. മൂന്നു ഘട്ടമായി നിപതിക്കുന്ന ബാണതീര്‍ഥത്തിന്റെ ഒന്നാംപാദത്തിന്റെ ചുവട്ടില്‍ ശക്തിയായി പതിക്കുന്ന ജലധാരയില്‍ കുളിക്കാം. ബോട്ടിറങ്ങി കാടുചുറ്റി മലകയറി വേണം അവിടെയെത്താന്‍. വെള്ളച്ചാട്ടത്തിലെ കുളി സര്‍വ്വരോഗ സംഹാരിയാണ്. കേരളത്തിലെ പ്രശസ്തമായ അഗസ്ത്യകൂടത്തിന്റെ തുടര്‍ച്ചയാണ് ഈ വനവും ബാണതീര്‍ഥവുമെല്ലാം. ബാണതീര്‍ഥത്തിന് സമീപമാണ് റോജ സിനിമയിലെ ചിന്ന ചിന്ന ആശൈയുടെ ഒരു ഭാഗം ചിത്രീകരിച്ചത്. അതിനു ശേഷം റോജാഫോള്‍സ് എന്ന പേരില്‍ ഇവിടെ പ്രശസ്തമായത്. വിനോദസഞ്ചാരികളെ കടത്തിവിടാന്‍ തുടങ്ങിയതും അതിനു ശേഷം. ഒരു മണിക്കൂറാണ് ബോട്ടുകാര്‍ അനുവദിക്കുന്ന സമയം. അതേ ബോട്ടില്‍ തന്നെ കരയിലേക്കു മടങ്ങാം.
ഒമ്പതുമണിക്ക് തിരിച്ചെത്തി. കാടിറങ്ങി പാപനാശത്തേക്ക് തെങ്കാശി ചെങ്കോട്ട വഴിയുള്ള മടക്കയാത്രയില്‍ കുറ്റാലവും പാലരുവിയുമെല്ലാം കണ്ടെങ്കിലും മനസിലേറെ പതിഞ്ഞു കിടന്നത് ആ കാനനസവാരി തന്നെ. വീണ്ടുമൊരു വനയാത്രയ്ക്കുള്ള മോഹവും മനസില്‍ മൊട്ടിട്ടിരുന്നു.

0 comments:

Post a Comment

 
 
Snow-Effect