ജൂലായ് എട്ടിന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാസയുടെ ബഹിരാകാശപേടകമായ അറ്റ്‌ലാന്റിസ് വിജയകരമായി വിക്ഷേപിക്കപ്പെട്ടപ്പോള്‍, അത് ലോകമെങ്ങും വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 13 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം, അറ്റ്‌ലാന്റിസ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കിയപ്പോള്‍ ശാസ്ത്രലോകത്തിന് ഏറെ സംഭാവനകള്‍ നല്കിയ ഒരു യുഗത്തിന്റെ അന്ത്യത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 30 വര്‍ഷങ്ങള്‍ക്കുള്ളില്‍, 135 തവണ വിക്ഷേപണം ചെയ്ത സ്‌പേസ് ഷട്ടിലുകളുടെ സേവനം അമേരിക്ക പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്.
മനുഷ്യനെ നിരന്തരം ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഉപയോഗപ്പെടുത്തിയ ഡിസ്‌കവറി, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നീ മൂന്ന് ബഹിരാകാശ വാഹനങ്ങള്‍ അടങ്ങുന്ന ബൃഹത്തായ പദ്ധതിക്കാണ് ഇതോടെ തിരശ്ശീല വീണത്. സ്‌പേസ് ഷട്ടിലുകള്‍ അമേരിക്ക നിര്‍ത്തലാക്കുന്നത് ഒരു രാഷ്ട്രീയ-സാമ്പത്തിക നയത്തിന്റെ ഭാഗമായാണ്. അല്ലാതെ, ശാസ്ത്രീയകാരണത്താല്‍ നാസ ഏകപക്ഷീയമായെടുത്ത തീരുമാനമല്ല. തുടര്‍ന്നങ്ങോട്ടും ബഹിരാകാശത്തേക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌പേസ് ഷട്ടിലുകളാണ് നിലവിലുള്ള മൂന്നും. 2004-ല്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അവതരിപ്പിച്ച വിഷന്‍ ഫോര്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ എന്ന ബഹിരാകാശനയത്തില്‍ ത്തന്നെ സ്‌പേസ് ഷട്ടിലുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അടങ്ങിയിരുന്നു. ചന്ദ്രനിലേക്ക് വീണ്ടും അമേരിക്കയുടെ ശ്രദ്ധ തിരിക്കാനും വരുംവര്‍ഷങ്ങളില്‍ ചൊവ്വാപര്യവേക്ഷണം സാധ്യമാക്കാനും ഏറെ ചെലവേറിയ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തലാക്കേണ്ടത് അനിവാര്യമാണെന്നാണ് ബുഷ് പറഞ്ഞത്.
തുടര്‍ന്ന് അധികാരമേറ്റ പ്രസിഡന്റ് ബരാക് ഒബാമ നാസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരമായ പുതുവീക്ഷണം ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ഊര്‍ജിതപ്പെടുത്തി, പുതിയ മേഖലകളിലേക്ക് ഗവേഷണങ്ങള്‍ വ്യാപിപ്പിച്ച് ഒരു പുതിയ ബഹിരാകാശ നയത്തിന് രൂപം നല്കാനാണ് ഒബാമ ആഹ്വാനം ചെയ്തത്. ചാന്ദ്രയാത്ര യുടെ കാര്യത്തിലൊഴികെ, ബുഷ് പ്രഖ്യാപിച്ച നയത്തെ അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു ഒബാമയും അമേരിക്കന്‍ കോണ്‍ഗ്രസ്സും. ഈ നിലപാടിന് അനുവാദം നല്കിയതോടെ, കഴിഞ്ഞ മൂന്ന് ദശകങ്ങളായി നാസയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായ സ്‌പേസ് ഷട്ടിലിനോട് വിട പറയാനുള്ള നടപടികള്‍ക്ക് ആക്കം കൂടി.
സ്‌പേസ് ഷട്ടിലുകള്‍ നിര്‍ത്തലാക്കാനുള്ള നടപടി നിസ്സാരമല്ല. ഒരു തലമുറയുടെ അശ്രാന്തപരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സാങ്കേതിക മികവിന്റെയും പര്യായമായിരുന്നു ബഹിരാകാശ വാഹനങ്ങള്‍. ബഹിരാകാശയാത്രയ്ക്ക് വിപ്ലവകരമായ സംഭാവനകള്‍ നല്കിയ സ്‌പേസ് ഷട്ടിലുകള്‍ക്ക് അനുബന്ധമായി വളരെ വിപുലമായ ഒരു സാങ്കേതിക സംവിധാനംതന്നെ നിലവിലുണ്ട്. 654 ഗവേഷണ കേന്ദ്രങ്ങള്‍, 12 ലക്ഷം ഉപകരണങ്ങള്‍, 5,000 ജോലിക്കാര്‍. അതില്‍ 2,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നാസ ആരംഭിച്ചുകഴിഞ്ഞു.
ഇത്രയും വിപുലമായ ഒരു പദ്ധതി നിര്‍ത്തലാക്കുന്ന നടപടിയോട് അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. വിഖ്യാത ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്, ജോണ്‍ ഗ്ലെന്‍ തുടങ്ങി പല പ്രമുഖരും ഈ നടപടിക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍, മറ്റ് പലരും 30 വര്‍ഷങ്ങള്‍ക്കു ശേഷം, ഭീമമായ ചെലവ് വരുന്ന ഈ പദ്ധതി തുടരുന്നതിലുള്ള നേട്ടങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ ഈ തീരുമാനം പ്രധാനമായും ഉയര്‍ത്തുന്നത് രണ്ട് ചോദ്യങ്ങളാണ്: സ്‌പേസ് ഷട്ടിലുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ അമേരിക്കയുടെ ബഹിരാകാശ രംഗത്തെ നേതൃത്വത്തിനും സാങ്കേതികമികവിനും ആധിപത്യത്തിനും അവസാനമായോ ? അതോ, ലോക ജനതയെ വീണ്ടും പ്രചോദിപ്പിക്കുന്ന വിപ്ലവകരമായ മറ്റൊരു തുടക്കത്തിന് നാന്ദി കുറിക്കുകയാണോ ? 1970-കളില്‍ ചന്ദ്രനിലേക്കുള്ള അപ്പോളോ പര്യവേക്ഷണപദ്ധതി അവസാനിപ്പിച്ച് സ്‌പേസ് ഷട്ടിലുകള്‍ക്ക് നാസ തുടക്കമിട്ടപ്പോഴും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. എന്നാല്‍, ഭീമമായ മുതല്‍മുടക്കുള്ള മറ്റൊരു ബഹിരാകാശ പദ്ധതിക്ക് പണം അനുവദിക്കാന്‍, പ്രത്യേകിച്ചും ആഗോള സാമ്പത്തികമാന്ദ്യം വിട്ടുമാറാത്ത അവസ്ഥയില്‍, അമേരിക്കന്‍ ഭരണകൂടത്തിന് ഇച്ഛാശക്തിയുണ്ടോ എന്നതാണ് പ്രശ്‌നം.
1969-ല്‍ അപ്പോളോ- 2 ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്‍പുതന്നെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ അനുയോജ്യമായ വാഹനത്തെക്കുറിച്ച് നാസ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. അമേരിക്ക ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രമുഹൂര്‍ത്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ബഹിരാകാശമേഖലയില്‍ കൂടുതല്‍ തത്പരനായി. താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബഹിരാകാശവാഹനം രൂപപ്പെടുത്തിയെടുക്കാന്‍ നിക്‌സണ്‍ ഒരു വിദഗ്ധസംഘത്തെ നിയോഗിച്ചു. പ്രതിവര്‍ഷം ചുരുങ്ങിയത് 50 തവണയെങ്കിലും ബഹിരാകാശത്തേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു 'സ്‌പേസ് ട്രക്ക്' എന്ന ആശയമാണ് നിക്‌സണ്‍ വിഭാവനം ചെയ്തത്. അപ്പോളോ പദ്ധതി അവസാനിച്ചതോടെ നാസാ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു സ്‌പേസ് ഷട്ടില്‍ പദ്ധതിയായി. മനുഷ്യനെ സുരക്ഷിതമായി ഭൂമിയോടടുത്ത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ്, 1972-ല്‍ ഒരു വിക്ഷേപണത്തിന് ശരാശരി 93 ലക്ഷം ഡോളറും മൊത്തം പദ്ധതിക്ക് 745 കോടി ഡോളറും ചെലവ് തിട്ടപ്പെടുത്തി നാസ സ്‌പേസ് ഷട്ടിലുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി തേടിയത്. ഭ്രമണപഥത്തിലെത്തി തിരിച്ചുവന്ന് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യവാഹനമായിരുന്നു സ്‌പേസ് ഷട്ടിലുകള്‍. റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈല്‍ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്തത്. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടില്‍ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു. ഏറെ വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷം 1979-ലാണ് നാസ ആദ്യത്തെ സ്‌പേസ് ഷട്ടിലായ കൊളംബിയ അനാവരണം ചെയ്തത്. രണ്ട് പേരടങ്ങുന്ന സംഘവുമായി 1981 ഏപ്രില്‍ 12-ന് കൊളംബിയ ആദ്യമായി കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുപൊങ്ങിയപ്പോള്‍ ബഹിരാകാശത്തിന്റെ അനന്തമായ സാധ്യതകള്‍ നമ്മെ അടുത്തറിയിക്കാനുള്ള ഒരു ധീരശ്രമത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബഹിരാകാശരംഗത്തും ആധിപത്യം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ 1950-കള്‍ മുതല്‍ തുടങ്ങിയ മത്സരത്തിന്റെ അവസാനത്തെ കണ്ണികൂടിയായിരുന്നു സ്‌പേസ് ഷട്ടിലുകള്‍. '80-കളുടെ അവസാനമായപ്പോഴേക്കും ഈ പന്തയത്തിന്റെ വ്യാപ്തി കുറഞ്ഞെങ്കിലും കൊളംബിയ വിജയകരമായി വിക്ഷേപിച്ചശേഷം കൂടുതല്‍ സ്‌പേസ് ഷട്ടിലുകള്‍ നിര്‍മിക്കാന്‍ നാസയും അമേരിക്കയും തീരുമാനിച്ചതിനു പിന്നിലുള്ള രാഷ്ട്രീയലക്ഷ്യം വ്യക്തമായിരുന്നു. 1982-ല്‍ ചലഞ്ചറും '83-ല്‍ ഡിസ്‌കവറിയും '85-ല്‍ അറ്റ്‌ലാന്റിസും നിര്‍മിച്ച നാസ, വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 1981-ലെ കന്നി വിക്ഷേപണത്തിനുശേഷം നാളിതുവരെ 135 തവണയാണ് സ്‌പേസ് ഷട്ടിലുകള്‍ പറന്നുയര്‍ന്നത്. ഇതില്‍ രണ്ടു തവണയൊഴികെ എല്ലാ ദൗത്യങ്ങളും വിജയകരമായി പര്യവസാനിച്ചത് നാസയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. പക്ഷേ, 1986-ല്‍ ചലഞ്ചര്‍ പറന്നുയര്‍ന്ന് 73 സെക്കന്‍ഡിനുശേഷം തകര്‍ന്നതും 2003-ല്‍ ഇന്ത്യന്‍ വംശജ കല്പനാചൗള യാത്ര ചെയ്ത കൊളംബിയ ഭൂമിയില്‍ തിരിച്ചിറങ്ങാന്‍ 16 മിനിറ്റ് അവശേഷിക്കുമ്പോള്‍ തകര്‍ന്നുവീണതും സ്‌പേസ് ഷട്ടില്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി ഇന്നും ഓര്‍മിക്കപ്പെടുന്നു.ഈ രണ്ട് ദുരന്തങ്ങളിലും നാസയ്ക്ക് 14 ബഹിരാകാശ യാത്രികരെയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്‌പേസ് ഷട്ടിലുകളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കെട്ടിപ്പടുക്കുക എന്നതായിരുന്നു. ഇതിനായി, ഓരോ വിക്ഷേപണത്തിലും സാമഗ്രികളെയും മനുഷ്യരെയും അന്താരാഷ്ട്രനിലയത്തിലേക്ക് എത്തിച്ച് ഐ.എസ്.എസ്സിന്റെ നിര്‍മാണജോലി പൂര്‍ത്തിയാക്കി.
അമേരിക്ക, കാനഡ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെയും യൂറോപ്പിലെയും ബഹിരാകാശ ഏജന്‍സികളുടെ ബഹിരാകാശ നിലയ പദ്ധതികളുടെ സമ്മേളനമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 10,000 കോടി യൂറോ ചെലവിട്ട് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുക 2012-ലാണ്. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ നാസയുടെ ബഹിരാകാശപേടകങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. ബഹിരാകാശത്ത് സുപ്രധാന പരീക്ഷണങ്ങള്‍ നടത്തുന്നതിനും സഞ്ചാരികള്‍ക്ക് ബഹിരാകാശ നടത്തത്തിനും 180-ഓളം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിനും അവയ്ക്ക് കഴിഞ്ഞു. 16 രാജ്യങ്ങളില്‍ നിന്നുള്ള 355 പേരെ ഈ വാഹനങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചു. മെഗല്ലന്‍, ഗലീലിയോ എന്നീ ഗ്രഹപര്യവേക്ഷണ പേടകങ്ങളെയും അവ ബഹിരാകാശത്തേക്ക് എത്തിച്ചു. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനെക്കുറിച്ചാണ്. നമ്മുടെ പ്രപഞ്ച വീക്ഷണത്തെത്തന്നെ ഈ ദൂരദര്‍ശിനി വിപ്ലവകരമായി മാറ്റിമറിച്ചു. ഹബിളിനെ ബഹിരാകാശത്ത് എത്തിച്ചതും തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചതും സ്‌പേസ് ഷട്ടിലിന്റെ നേതൃത്വത്തിലായിരുന്നു. സ്‌പേസ് ഷട്ടില്‍ പദ്ധതിയുടെ ഉപോത്പന്നങ്ങളായി വികസിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഉപകരണങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി . സ്‌മോക്ക് ഡിറ്റക്ടേഴ്‌സ്, മൈക്രോവേവ് ഓവന്‍, വാട്ടര്‍ ഫില്‍റ്റര്‍, ഹാന്‍ഡ് ഹെല്‍ഡ് വാക്വം ക്ലീനേഴ്‌സ്, കോണ്‍സെന്‍ട്രേറ്റഡ് ഫുഡ് എന്നിവ ഉദാഹരണം.
സ്‌പേസ് ഷട്ടില്‍ നിര്‍ത്തിയതോടെ ബഹിരാകാശത്ത് രാജാക്കന്മാരായി വിലസിയ ഡിസ്‌കവറിയും എന്‍ഡവറും അറ്റ്‌ലാന്റിസും അമേരിക്കയിലെ പ്രധാന കാഴ്ചബംഗ്ലാവുകളിലെ നാലു ചുവരുകള്‍ക്കിടയില്‍ പ്രദര്‍ശനവസ്തുക്കളായി നിലകൊള്ളും. ഡിസ്‌കവറി വാഷിങ്ടണിലും അറ്റ്‌ലാന്റിസ് ഹോണ്ട-കെന്നഡി സ്‌പേസ് സെന്ററിലും എന്‍ഡവര്‍ ലോസ് ആഞ്ജലിസിലുമാണ് ഇനി വിശ്രമജീവിതം നയിക്കുക. സ്‌പെസ് ഷട്ടിലുകളെ ഈ നഗരങ്ങളിലേക്ക് എത്തിക്കാനും പ്രദര്‍ശനവസ്തുവായി രൂപപ്പെടുത്തിയെടുക്കാനും ഓരോ മ്യൂസിയത്തിനും മൂന്നുകോടി ഡോളറോളം ചെലവ് വരും. എന്നാല്‍, അമേരിക്കയുടെ അഭിമാനമായ വാഹനങ്ങളെ അടുത്തറിയാനുള്ള പൊതുജന താത്പര്യം ഏറെയാണ്.
തുടക്കത്തില്‍ വിഭാവനം ചെയ്ത പല ലക്ഷ്യങ്ങളും നിറവേറ്റാന്‍ സ്‌പേസ് ഷട്ടിലുകള്‍ക്ക് സാധിച്ചിട്ടില്ല. നിക്‌സണ്‍ വിഭാവനം ചെയ്ത ചെലവുകുറഞ്ഞ സ്‌പേസ് ട്രക്കുകളായി അവ മാറിയില്ല. 1972 മുതല്‍ ഇന്നുവരെ സ്‌പേസ് ഷട്ടില്‍ പദ്ധതിക്ക് ചെലവഴിച്ചത് അനൗദ്യോഗിക കണക്കുകളനുസരിച്ച് ഏകദേശം 20,000 കോടി ഡോളറാണ്. ഓരോ വിക്ഷേപണത്തിനും 50 കോടി ഡോളറാണ് മുടക്കുന്നത്. 135 വിക്ഷേപണങ്ങള്‍ക്ക് ശേഷം ഇത്രയും ചെലവ് വരുന്ന പദ്ധതി തുടരുന്നതിലെ മൂല്യവും ഇത് പുതിയ നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന വിമര്‍ശനവും സ്‌പേസ് ഷട്ടിലുകള്‍ നിര്‍ത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി.
തന്ത്രപ്രധാനമായ പല നേട്ടങ്ങളും അവകാശപ്പെടാവുന്ന സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍, ഇനിയെന്ത് എന്ന ചോദ്യമാണ് സ്വാഭാവികമായി ഉയരുക. അറ്റ്‌ലാന്റിസ് നിലത്തിറങ്ങിയതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ശേഷി താത്കാലികമായെങ്കിലും അമേരിക്കയ്ക്ക് നഷ്ടമാവുകയാണ്. അമേരിക്കന്‍ സഞ്ചാരികളെ കൊണ്ടുപോവാന്‍ ഇനി റഷ്യയുടെ സഹായം വേണ്ടിവരും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 തവണ അമേരിക്കന്‍ യാത്രികരെ എത്തിക്കാന്‍ 75.3 കോടി ഡോളറിന്റെ കരാര്‍ നാസ റഷ്യയുമായി ഒപ്പുവെച്ചുകഴിഞ്ഞു.
വരുംവര്‍ഷങ്ങളില്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ബഹിരാകാശ പര്യവേക്ഷണം തുടരാനുള്ള വലിയ പദ്ധതിക്കും നാസ രൂപം നല്കിവരുന്നു. ബഹിരാകാശയാത്രയുടെ ബാധ്യത സര്‍ക്കാര്‍ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്ന രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍, നിരവധി സ്വകാര്യ സംരംഭകരുമായി ഇതിനകം കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.
സ്‌പേസ് ഷട്ടില്‍ പദ്ധതികള്‍ അവസാനിപ്പിക്കുന്നതോടെ നാസ അതിനുമപ്പുറത്തേക്കുള്ള പദ്ധതികളിലേക്ക് കടക്കുകയാണെന്നാണ് ശുഭാപ്തിവിശ്വാസികള്‍ കരുതുന്നത്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:
1. ഭൂമിയോടടുത്തുള്ള ക്ഷുദ്രഗ്രഹത്തിലേക്ക് 2025-ഓടെ മനുഷ്യനെ അയയ്ക്കുക. 2030-ഓടെ ചൊവ്വയിലേക്ക് ആളെ വിടുക.
2. പുതിയൊരു ബഹിരാകാശ വിക്ഷേപണ പദ്ധതി ആവിഷ്‌കരിക്കുക. ഇത് 2020-ഓടെ യാഥാര്‍ഥ്യമാവും എന്നാണ് കരുതുന്നത്.
3. ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ഓറിയോണ്‍ വാഹനത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുക.
നാസയുടെ ബൃഹത്തായ ഈ പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റിന്റെ സഹായം എന്തായിരിക്കും എന്നതാണ് പ്രധാന ചോദ്യം. നാസയുടെ വരുംവര്‍ഷങ്ങളിലെ ബജറ്റ് പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ ഗവണ്‍മെന്റ് ആലോചിച്ചുവരുമ്പോള്‍, പദ്ധതിയുടെ വേഗം കുറയുമെന്ന് ഉറപ്പാണ്. അമേരിക്കന്‍ ബഹിരാകാശ നയത്തിന് ഒരു ധീരമായ പുതുവീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒബാമ, ഈ പുതിയ പദ്ധതികള്‍ക്ക് ആവശ്യമായ സഹായധനത്തെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല.
മുപ്പത് വര്‍ഷത്തെ ഉജ്ജ്വലവിജയത്തിനും ചെറിയ പരാജയങ്ങള്‍ക്കും ശേഷം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ അവസാനിച്ചിരിക്കുകയാണ്. അപ്പോളോ പദ്ധതി അവസാനിപ്പിച്ച് സ്‌പേസ് ഷട്ടിലുകള്‍ തുടങ്ങിയതുപോലെ, സ്‌പേസ് ഷട്ടിലുകള്‍ നിലത്തിറക്കുന്നത് അതിലും വലിയ പദ്ധതികള്‍ക്കായാണെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അതിന്റെ ഭാവി ഇപ്പോഴും അവ്യക്തമാണ്.








0 comments:
Post a Comment