Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Thursday, 21 June 2012

സ്വന്തം കറന്‍സി ഉപേക്ഷിക്കുന്നു; ഫെയ്‌സ്ബുക്കില്‍ ഇനി പ്രാദേശിക നാണയങ്ങള്‍ മതി




ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം കറന്‍സി വേണ്ടെന്നുവെയ്ക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇനി ക്രയവിക്രയങ്ങള്‍ക്ക് 'ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്‌സി'ന് പകരം പ്രാദേശിക നാണയങ്ങള്‍ മതി; രൂപയോ ഡോളറോ പൗണ്ടോ ഒക്കെ.

വെര്‍ച്വല്‍ സാധനങ്ങളോ പ്രീമിയം ഫീച്ചറുകളോ ഫെയ്‌സ്ബുക്ക് വഴി കച്ചവടം ചെയ്യാന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ ഇതുവരെ 'ക്രെഡിറ്റ്‌സ്' എന്ന വെര്‍ച്വല്‍ കറന്‍സിയെ ആശ്രയിക്കേണ്ടിയിരുന്നു. ഇനി അതു വേണ്ടെന്നും, യഥാര്‍ഥ കറന്‍സി തന്നെ ഉപയോഗിക്കാമെന്നും ഫെയ്‌സ്ബുക്ക് അതിന്റെ ഡെവലപ്പര്‍ ബ്ലോഗില്‍ അറിയിച്ചു.

തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെയുള്ള കച്ചവടം 'ലളിതവത്ക്കരിക്കാനാണ്' ഈ നീക്കമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. പുതിയ നടപടി വഴി ഫെയ്‌സ്ബുക്കിന്റെ ലാഭത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഐട്യൂണ്‍സ് സ്‌റ്റോര്‍ വഴി ആപ്പിള്‍ എന്താണോ കൈവരിച്ചത്, അതേ ലക്ഷ്യത്തോടെയാണ് ഫെയ്‌സ്ബുക്കും നീങ്ങുന്നത്. ഫെയ്‌സ്ബുക്കിനെ ശരിക്കും ക്രയവിക്രയത്തിനുള്ള പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് നീക്കം.

2009 ലാണ് ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്‌സ് അവതരിപ്പിക്കപ്പെട്ടത്. കറന്‍സി യൂണിറ്റുകളെ, യു.എസ്.ഡോളറിന് പകരം, 'ക്രെഡിറ്റുകളാ'ക്കി കണക്കാക്കിക്കൊണ്ടാണ് ആ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് ക്രയവിക്രയം സാധ്യമായത്.

ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമിന് ആപ്ലിക്കേഷനുകള്‍ (apps) വികസിപ്പിക്കുന്നവര്‍ ക്രെഡിറ്റ്‌സ് ഉപയോഗിക്കേണ്ടി വന്നു. ഫാംവില്ലെ (Farmville) പോലെ ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുള്ള നൂറുകണക്കിന് ഗെയിമുകളിലും ആപ്ലിക്കേഷനുകളിലും ക്രെഡിറ്റ്‌സ് ഉപയോഗിക്കാമെന്ന് വന്നു.

ഇങ്ങനെ നടക്കുന്ന ഇടപാടില്‍ 30 ശതമാനമാണ് ഫെയ്‌സ്ബുക്ക് ഈടാക്കുന്നതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ 15 ശതമാനം ഇത്തരത്തില്‍ ലഭിച്ചതാണ്.

എന്തൊക്കെയായാലും ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്‌സ് അധികം ജനപ്രീതി നേടിയില്ലെന്ന് മാത്രമല്ല, അതിന്റെ സങ്കീര്‍ണത തുടരുകയും ചെയ്തു. മറ്റ് ആപ്ലിക്കേഷനുകളും ഗെയിമുകളുമൊക്കെ ഓണ്‍ലൈന്‍ വഴി യഥാര്‍ഥ കറന്‍സി ഉപയോഗിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നിരിക്കെ, ഫെയ്‌സ്ബുക്കില്‍ മാത്രം പുതിയൊരു കറന്‍സി പലര്‍ക്കും അലോസരമായി.

അത് മനസിലാക്കിയാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നടപടിയെന്ന് വ്യക്തം. നിലവില്‍ ക്രെഡിറ്റ്‌സ് ബാക്കിയുള്ള അംഗങ്ങള്‍ക്ക് അത് പ്രാദേശിക കറന്‍സികളിലേക്ക് ഫെയ്‌സ്ബുക്ക് മാറ്റി നല്‍കും.

0 comments:

Post a Comment

 
 
Snow-Effect