Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Sunday, 4 March 2012



മെയ് 19-ാം തിയ്യതി ബുധനാഴ്ച തിരുവമ്പാടി മണ്ഡലത്തിലെ കൂമ്പാറയില്‍ വോട്ടര്‍മാരോട് നന്ദി പറയാനായി പോവുകയായിരുന്നു, ഞാന്‍. രാവിലെ ഓമശ്ശേരിയില്‍നിന്നു തുടങ്ങിയ യാത്രയാണ്. പല കേന്ദ്രങ്ങളും പിന്നിട്ട് കൂമ്പാറയില്‍ എത്തുന്നതിനു തൊട്ട് മുമ്പ് ഒരാള്‍ വണ്ടി കൈകാണിച്ചു നിര്‍ത്തി. ''സഖാവ് അറിഞ്ഞില്ലേ, നമ്മുടെ നായനാര്‍ മരിച്ചു''. അറിയാതെ ഒരു മ്ലാനത ഹൃദയത്തെ പൊതിഞ്ഞു. നമ്മുടെ നായനാര്‍ മരിച്ചു....

നായനാരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പ്രതീക്ഷയ്ക്ക് ഏറെയൊന്നും വകയില്ലെന്നുമൊക്കെ അറിയാമായിരുന്നിട്ടും ആ മരണവൃത്താന്തം ഉള്‍ക്കൊള്ളാനായില്ല. കണ്ണ് ഈറനാവുകയും ഗദ്ഗദമടക്കാന്‍ എനിക്കല്പം ബുദ്ധിമുട്ടേണ്ടിവരികയും ചെയ്തു. നിറഞ്ഞ ചിരി, ശുണ്ഠി, കോപം, സ്‌നേഹം, ദുഃഖം തുടങ്ങി യാതൊരു മറയുമില്ലാതെ അദ്ദേഹം സമൂഹത്തില്‍ പ്രകടിപ്പിച്ച സമസ്ത ഭാവഭേദങ്ങളും എന്റെ മനസ്സില്‍ ഒരു കൊളാഷായി. വല്ലാത്തൊരു വൈകാരികതയ്ക്ക് ഞാന്‍ അടിമപ്പെട്ടു. ഇനി നായനാരുടെ നര്‍മോക്തി ആസ്വദിക്കാനാവില്ലെന്നും അനീതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ധാര്‍മികരോഷപ്രകടനം കാണാനാവില്ലെന്നും സഹോദരനിര്‍വിശേഷമായ സ്‌നേഹമനുഭവിക്കാനാവില്ലെന്നുമുള്ള ബോധം ഒരു നൊമ്പരമായി വളരുകയായിരുന്നു.

എന്റെ കൂടെയുണ്ടായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏരിയ സെക്രട്ടറി രാഘവന്‍ മാസ്റ്റര്‍, എല്‍.ഡി.എഫ്. കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞാലി, ജനതാദള്‍ ജില്ലാ കമ്മിറ്റി നേതാക്കളായ ജോര്‍ജ് മാസ്റ്റര്‍, മുസ്തഫ, മാതൃഭൂമിയിലെ സുധാകരന്‍ തുടങ്ങിയവരൊക്കെ നിശ്ശബ്ദരായി. ആത്യന്തികമായി മരണമെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാതിരിക്കാനാവില്ലല്ലൊ.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കൂമ്പാറയിലെ സമ്മതിദായകര്‍ക്ക് നന്ദി പറയാന്‍ ഏര്‍പ്പാട് ചെയ്ത യോഗം ഒരനുശോചനയോഗമായിത്തീര്‍ന്നു. അവിടെയെത്തിച്ചേര്‍ന്നവരൊക്കെ നായനാര്‍ എന്ന സമരനായകന്റെയും ജനനേതാവിന്റെയും മരണത്തില്‍ ദുഃഖിതരായിരുന്നു. കൂമ്പാറയില്‍നിന്ന് ഞങ്ങള്‍ പോയത് കൂടരഞ്ഞിയിലേക്കായിരുന്നു. മരണവാര്‍ത്ത കേട്ട് കക്ഷിഭേദമെന്യേ ധാരാളം പേര്‍ അവിടെ തടിച്ചുകൂടിയിരുന്നു. അവിടെയും വിജയാഘോഷയോഗം അനുശോചനച്ചടങ്ങായി. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ അന്നുമുതല്‍ എനിക്ക് വിശ്രമമുണ്ടായിട്ടില്ല. ഞാന്‍ ക്ഷീണമറിഞ്ഞിട്ടുമില്ല. പക്ഷേ, അന്ന് എന്തോ ഒരു നിമിത്തമെന്നപോലെ ഞാന്‍ അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു. വൈകുന്നേരം 5.30നുശേഷമുള്ള പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയാല്‍ ആസ്​പത്രിയില്‍ പോയി നായനാരെ കാണണമെന്നൊക്കെ കരുതിയിരുന്നു. പക്ഷേ, അതിനിടയ്ക്കുതന്നെ നായനാര്‍ ചരിത്രമായി. മലയാളികള്‍ക്ക് ജീവിതത്തിന്റെ നര്‍മവും കര്‍മത്തിന്റെ വിശുദ്ധിയും ലാളിത്യത്തിന്റെ സൗന്ദര്യവും നിഷ്‌കളങ്കതയുടെ സൗരഭ്യവും പകര്‍ന്നുനല്കി അദ്ദേഹം യാത്രയായി.

അറുപതിലേറെ വര്‍ഷങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന നായനാരുമായി വളരെക്കാലത്തെ അടുപ്പം എനിക്കുണ്ട്. വിമോചനസമരത്തിനുശേഷം കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്റെ അച്ഛന്‍ പത്മപ്രഭ വയനാട്ടില്‍നിന്ന് കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കോഴിക്കോട്ടെത്തി. ഞാനും കൂടെയുണ്ടായിരുന്നു. അളകാപുരിയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നായനാരും സി.എച്ച്. കണാരനും എത്തിച്ചേര്‍ന്നിരുന്നു. അന്നാണ് ആദ്യമായി ഞാന്‍ നായനാരെ പരിചയപ്പെടുന്നത്. അക്കാലത്ത് ഞാന്‍ മദ്രാസില്‍ ബി.എ. ഓണേഴ്‌സിന് പഠിക്കുകയായിരുന്നു. ആദ്യം കണ്ടപ്പോള്‍തന്നെ നായനാര്‍ ഒരപൂര്‍വ വ്യക്തിയാണെന്ന് എനിക്കു തോന്നി. പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ ഭാഗമായി വളരെക്കാലം മുമ്പുതന്നെ അദ്ദേഹം മറ്റു സഖാക്കളുമൊത്ത് വയനാട്ടില്‍ വരുമായിരുന്നു. വന്നാല്‍ അച്ഛനെ കാണാതെ പോകാറുമില്ല. അവര്‍ തമ്മില്‍ വളരെ അടുപ്പമായിരുന്നു. നായനാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നൊന്നും അക്കാലത്ത് ഞാന്‍ കരുതിയിരുന്നില്ല. പിന്നീട് അടുത്തിടപഴകാന്‍ തുടങ്ങിയപ്പോള്‍ ''ഓനാര് ? ഓന്റെ അച്ഛനെയും മുത്തച്ഛനെയും ഒക്കെയായിട്ടാ എനിക്ക് ബന്ധം'' എന്ന് എന്നെ അടുത്തിരുത്തി മറ്റുള്ളവരോട് ഹൃദ്യമായ സ്വന്തം ശൈലിയില്‍ നായനാര്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ.

കേരളത്തിലങ്ങോളമിങ്ങോളം പ്രസിദ്ധമാണ് നായനാരുടെ പ്രസംഗശൈലി. ആളുകള്‍ പ്രസംഗം കേള്‍ക്കാനല്ല, അതനുഭവിക്കാനാണ് എത്തിച്ചേരുന്നത്. ഭാഷ സംവേദനത്തിനുള്ളതാണെന്ന് നായനാര്‍ വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തു. കേള്‍ക്കുന്നവര്‍ക്കൊക്കെ തോന്നും, തങ്ങളുടെ ജീവിതത്തെ സ്​പര്‍ശിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്ന്. ലളിതസുന്ദരമായിരുന്നു ആ പ്രസംഗശൈലി. പ്രകോപിപ്പിച്ചും പ്രതികരിച്ചും പ്രതികരിപ്പിച്ചുമാണ് ഈ ജനനേതാവ് പ്രസംഗിക്കുക. അങ്ങനെയല്ലേടോ, ഇങ്ങനെയല്ലേടോ, നീ പറ, ഓന്‍ അങ്ങനെത്തന്നെയാണ് എന്നിങ്ങനെയുള്ള പ്രയോഗങ്ങളും കമന്റുകളും നിറഞ്ഞ പ്രസംഗം ചിരിച്ചും രസിച്ചും കൈയടിച്ചുമാണ് ജനം കേള്‍ക്കുക. എന്നും ജനവികാരം ഉള്‍ക്കൊണ്ട നായനാര്‍ കത്തിക്കത്തി കയറുകയും ചെയ്യും. അതിനിടയ്ക്ക് വിമര്‍ശിക്കേണ്ടവരെ നിശിതമായി വിമര്‍ശിക്കാനും പരിഹസിക്കേണ്ടവരെ കഠിനമായി പരിഹസിക്കാനുമൊന്നും നായനാര്‍ ഒരു പിശുക്കും കാണിക്കാറില്ല. തന്റെയും താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെയും വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചായിരിക്കും സംഭവങ്ങളെയും വ്യക്തികളെയും നായനാര്‍ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുക. വിമര്‍ശിക്കപ്പെടുന്നയാള്‍ എത്ര ഉന്നതനാണെന്നത് നായനാര്‍ക്ക് പ്രശ്‌നമല്ല. തോന്നിയ കാര്യങ്ങള്‍, തോന്നിയ വിധത്തില്‍ അദ്ദേഹം ഉറപ്പിച്ചുപറയുകതന്നെ ചെയ്യും. ആര്‍ക്കും തടയാനായിരുന്നില്ല ആ പ്രഹരങ്ങള്‍. അവ അസ്ഥാനത്തായിപ്പോയെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടാല്‍ ആക്ഷേപത്തിന് ശരവ്യമായിത്തീര്‍ന്നയാളെ സമാശ്വസിപ്പിക്കാന്‍ ആ വലിയ മനസ്സിന്അല്പംപോലും മടിയുണ്ടായിരുന്നില്ല. നര്‍മത്തിന്റെ പേരില്‍ ചിലപ്പോഴെങ്കിലും നായനാര്‍ വിവാദങ്ങളില്‍ കുടുങ്ങിയിട്ടുമുണ്ട്.

1967ല്‍ തുടങ്ങി, ചുരുങ്ങിയൊരു കാലഘട്ടമൊഴികെ, ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി പരിപാടികളില്‍ ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തിട്ടുമുണ്ട്. ചിലപ്പോള്‍ തന്റെ പ്രസംഗത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ മാതൃഭൂമിയും ഉണ്ടാകും. പിന്നെ എന്നെ ചൂണ്ടിക്കാട്ടി പറയും, ''ഇതാ വീരന്‍. മാതൃഭൂമിക്കാരന്‍!'' അതേക്കുറിച്ച് ഞാന്‍
പരിഭവിക്കുമ്പോള്‍ അദ്ദേഹം പറയും, ''അതൊക്കെത്തന്നെയല്ലേടോ അതിന്റെ ഒരു തമാശ!'' പിന്നെ അങ്ങോട്ടൊന്നും പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ നിറഞ്ഞ പൊട്ടിച്ചിരി ഹാര്‍ദമായി പങ്കിടാന്‍ മാത്രമേ കഴിയൂ. രാഷ്ട്രീയശത്രുക്കള്‍ക്കുപോലും നായനാര്‍ ശത്രുവായിരുന്നില്ല. അദ്ദേഹത്തിന്റെ ശാസനകള്‍ക്കും നിശിത വിമര്‍ശനങ്ങള്‍ക്കും വിധേയമാകാത്ത
രാഷ്ട്രീയ എതിരാളികള്‍ ചുരുങ്ങും. എന്നാല്‍ അവര്‍ക്കെല്ലാം നായനാരോട് സ്‌നേഹമായിരുന്നു. അദ്ദേഹത്തെ ആര്‍ക്കും വെറുക്കാനാവില്ല.

അധികാരം നായനാരെ ജനങ്ങളില്‍നിന്ന് അകറ്റിയില്ല; അത് ജനങ്ങളുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. അധികാരക്കസേരയില്‍ കയറുന്ന അതേ ലാഘവത്തോടെതന്നെ അദ്ദേഹം കസേരവിട്ടൊഴിയുകയും ചെയ്യും. അധികാരത്തിനുവേണ്ടി ഇഴയുകയും മുടന്തുകയും പന്നികളെപ്പോലെ ആര്‍ത്തികാട്ടുകയും ചെയ്യുന്നവരില്‍നിന്ന് തീര്‍ത്തും വിഭിന്നനായിരുന്നു അദ്ദേഹം. ഒളിവിലും ജയിലിലും കഴിഞ്ഞ്, സമരങ്ങളും പോരാട്ടങ്ങളും നയിച്ച്, കുടുംബ ജീവിതമടക്കം പലതും ത്യജിച്ച്, ത്യാഗങ്ങളുടെ തീവഴികളിലൂടെയാണ് നായനാര്‍ നേതൃപദവിയിലെത്തിയത്. ജനകീയസമരങ്ങള്‍ക്കും വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും ജന്മം നല്കിയ കല്ല്യാശ്ശേരി ഗ്രാമം രൂപപ്പെടുത്തിയ ഏറമ്പാല കൃഷ്ണന്‍ നായനാരെപ്പോലെ എത്രപേരുണ്ട് നമുക്ക്?
ഞാന്‍ കേന്ദ്രത്തില്‍ മന്ത്രിയായിരുന്ന കാലം. ഒരു ദിവസം തിരുവനന്തപുരത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി നായനാരെ വെറുതെയൊന്നു കാണാന്‍ ചെന്നു. ഉന്നത പോലീസുദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം. ഞാന്‍ വന്ന വിവരം നായനാര്‍ അറിഞ്ഞു. അദ്ദേഹം ഹാളിനു പുറത്തുവരികയും കാത്തിരിക്കുന്ന എന്നെക്കണ്ട് ''നീ എന്താടോ ഇവിടെയിരിക്കുന്നത്? നീ ഒരു കേന്ദ്രമന്ത്രിയാണെന്ന് നിനക്ക് അറിഞ്ഞൂടേ?'' എന്നു ഫലിതം പറഞ്ഞ്, ചിരി മേമ്പൊടിയാക്കി, എന്നെ പിടിച്ച് അദ്ദേഹം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി .
1987ല്‍ നായനാരുടെ മന്ത്രിസഭയില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ വനംവകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്, ഞാന്‍. വനങ്ങളില്‍നിന്ന് വൃക്ഷങ്ങള്‍ വെട്ടിമാറ്റരുതെന്ന് ഉത്തരവിട്ടതിന്റെ പേരില്‍ വിവാദങ്ങളുണ്ടായപ്പോള്‍ രാജിവെക്കുകയാണുണ്ടായത്. എന്റെ രാജിക്കത്ത് അന്നു മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിക്കെത്തിച്ചത്. ''എന്ത്, ഓന്‍ രാജിവെച്ചോ?'' എന്നായിരുന്നുവത്രെ ആദ്യ പ്രതികരണം. പിന്നീടെന്നെ കണ്ടപ്പോള്‍ ''എന്താടോ നിന്റെ ഓര്‍ഡര്‍? എന്തുപറ്റിയെടോ നിനക്ക്? എന്തിനാടോ രാജി?'' എന്നൊക്കെ എന്നോടു ചോദിച്ചു, പരിചയസമ്പന്നനായ ആ മുഖ്യമന്ത്രി. എന്റെ നടപടിയില്‍ അദ്ദേഹത്തിനു വിഷമം ഉള്ളതുപോലെ എനിക്കു തോന്നി.

ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രമല്ല നായനാര്‍ ചെയ്തത്. കരയുകയും കരയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹത്തിന്റെ നര്‍മത്തിനും പൊട്ടിച്ചിരിക്കും നൂറുകണക്കിനുണ്ട് ഉദാഹരണങ്ങള്‍. അതോടൊപ്പം വിതുമ്പിക്കരയുന്ന, കണ്ണീരൊഴുക്കുന്ന, തൊണ്ടയിടറുന്ന നായനാരുടെ മിഴിനീര്‍ചിത്രങ്ങള്‍ നമ്മെ ഒടുങ്ങാത്ത നൊമ്പരങ്ങള്‍ അനുഭവിപ്പിച്ചു. വേദന താങ്ങാന്‍ നായനാര്‍ക്ക് കഴിയുമായിരുന്നില്ല. എ.കെ.ജി.യുടെ മരണം ഒരുദാഹരണം. തിരുവനന്തപുരത്തായിരുന്നു
എ.കെ.ജി.യുടെ അന്ത്യം. നായനാര്‍ക്ക് ഗുരുവും ഉപദേശകനും ജ്യേഷ്ഠസഹോദരനുമൊക്കെയായിരുന്നു എ.കെ.ജി. കല്ല്യാശ്ശേരിയില്‍ നടന്ന
അനുശോചനയോഗത്തില്‍ പ്രസംഗിക്കാനായി നായനാര്‍ എഴുന്നേറ്റു. വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞുപോയി. പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുംതന്നെ സംസാരിക്കാനാവാതെ നായനാര്‍ കസേരയില്‍ തളര്‍ന്നിരുന്നു. അതുകണ്ട് ഞാന്‍ കരഞ്ഞു; കണ്ടവരെല്ലാം കരഞ്ഞു. ചിരിക്കുന്നതുപോലെ കരയുന്നതും ഒരു മഹാസിദ്ധിയാണ്. നിഷ്‌കളങ്കര്‍ക്കും ശുദ്ധാത്മാക്കള്‍ക്കും മാത്രമേ മനസ്സറിഞ്ഞു ചിരിക്കാനും മനംനൊന്ത് കരയാനും കഴിയൂ. നായനാര്‍ നിഷ്‌കളങ്കനായിരുന്നു; ശുദ്ധാത്മാവായിരുന്നു; ഒരു പച്ചമനുഷ്യനായിരുന്നു. എവിടെയായാലും നിറഞ്ഞുനില്ക്കുന്നതായിരുന്നു ആ വ്യക്തിത്വം.

എ.കെ.ജി.യുടെയും നായനാരുടെയും അന്ത്യങ്ങള്‍ക്കും ചില സാദൃശ്യങ്ങളുണ്ട്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് തിരശ്ശീല വീണപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കാണാനാവാതെ, അതിന്റെ ശുദ്ധവായു ശ്വസിക്കാനാവാതെ എ.കെ.ജി. ആസ്​പത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. താമസിയാതെ അദ്ദേഹം ആ നിലയില്‍തന്നെ മരണമടയുകയും ചെയ്തു. അതുപോലെത്തന്നെ കേരളത്തില്‍ ഈയിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേടിയ ഐതിഹാസികവിജയവും കേന്ദ്രത്തില്‍ ഇടതുമുന്നണി നിര്‍ണായകശക്തിയായി ഉയര്‍ന്നതും കാണാനും കേള്‍ക്കാനുമാവാതെയാണ് നായനാര്‍ കാലത്തിനപ്പുറത്തേക്ക് യാത്രയായത്.

അവസാനമായി നായനാരെ കണ്ടത് അദ്ദേഹം ചികിത്സയ്ക്കു പോകുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പാണ്-തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഫ്ലറ്റില്‍ വെച്ച്. ശാരദടീച്ചര്‍ ഉണ്ടായിരുന്നു അവിടെ. കുറേ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്, പൊട്ടിച്ചിരിച്ച്, പഴയ കഥകള്‍ പങ്കുവെച്ച് അവിടെ കഴിഞ്ഞു. രാജന്‍ പൊതുവാളിനെ എന്റെ കൂടെ കണ്ടപ്പോള്‍ ''എന്താടോ പൊതുവാളേ, ഞങ്ങളുടെ കുറേ ഫോട്ടോ എടുക്ക്'', എന്നായി നായനാര്‍. പൊതുവാള്‍ കുറച്ച് പടമെടുത്തു. അദ്ദേഹത്തിന്റെ ഫോട്ടോജനിക്ക് മുഖം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ചിരിക്കും ഗൗരവത്തിനുമൊക്കെയുണ്ട് ഒരു വശ്യത. കേരള നിയമസഭയുടെ ദര്‍ബാര്‍ ഹാളില്‍ ആ സമരനായകന്റെ, ജനകീയ പോരാളിയുടെ, കഴിവുറ്റ ഭരണാധികാരിയുടെ ഭൗതികശരീരം അവസാനമായി ഒരുനോക്കു കാണുവാന്‍ അണമുറിയാതെ ആയിരങ്ങള്‍ ഒഴുകുകയാണ്. ശോകസംഗീതനാദം അന്തരീക്ഷത്തിന് കണ്ണീരിന്റെ ഈര്‍പ്പം പകരുന്നു. നാദവീചികളും ജനങ്ങളുടെ നിശ്ശബ്ദമായ ആരവവും കേള്‍ക്കാതെ നായനാര്‍ നിശ്ശബ്ദനായി, ചുണ്ടിലൊരു പൊടി ചിരിയുമായി കിടക്കുന്നു. നെഞ്ചില്‍ താന്‍ വളര്‍ത്തിയ ദേശാഭിമാനി പത്രവും. ചുറ്റും കുന്നുകൂടുന്ന പൂക്കള്‍. പുതിയ പൂക്കള്‍ വന്നുകൊണ്ടേയിരുന്നു. ശോകരാഗങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ജനങ്ങളുടെ ആരവവും ആവേശവും ഏറെ ഇഷ്ടപ്പെട്ട നായനാര്‍ ഒന്നുംതന്നെ കാണുന്നുണ്ടായിരുന്നില്ല, കേള്‍ക്കുന്നുണ്ടായിരുന്നില്ല. കണ്ണില്‍ കണ്ണീര്‍ നിറയുമ്പോള്‍ ആ രൂപം എന്റെ ഹൃദയത്തില്‍ അലിഞ്ഞുചേരുന്നു.

''ഹൃദയങ്ങളില്‍ നെടുവീര്‍പ്പുകളുമായി എന്റെ വേര്‍പാടിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കാതിരിക്കുക; നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക. അപ്പോള്‍ എന്നെ എന്നുമെന്നും നിങ്ങള്‍ക്ക് കാണാനാവും'' എന്ന് ഖലീല്‍ ജിബ്രാന്‍ പാടിയിട്ടുണ്ട്. കവിവചനങ്ങള്‍ സത്യംതന്നെ. പക്ഷേ, ഇഷ്ടജനങ്ങളെ സംബന്ധിച്ചാവുമ്പോള്‍, കവിയോടു ക്ഷമ പറയാനേ മിക്ക മനുഷ്യര്‍ക്കും കഴിയൂ.

0 comments:

Post a Comment

 
 
Snow-Effect